തലയോട്ടി ഇളക്കിയുള്ള ക്യാൻസർ ശസ്ത്രക്രിയ മൂക്കിലൂടെ നടത്തി,​ചെലവ് വെറും 10000 രൂപ,​ നേട്ടം കുറിച്ചത് തിരു.മെഡി.കോളേജ്


തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ നാലുലക്ഷം രൂപവരെയാകുന്ന ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 10000 രൂപ ചെലവിൽ നടത്തി. 45കാരിയുടെ തലച്ചോറിനും തലയോട്ടിക്കും ഇടയിലെ അറയിൽ നിന്ന് മൂക്കിലേക്ക് വ്യാപിക്കുന്ന ക്യാൻസർ മുഴയാണ് നീക്കിയത്.

മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.

ന്യൂറോ സർജൻമാർ തലയോട്ടി ഇളക്കിയാണ് സാധാരണ ഈ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. എൻഡോസ്‌കോപ്പിയിലൂടെ തലച്ചോറിനും തലയോട്ടിക്കുമിടയിലെ ഭാഗത്തെത്തി സ്ക്രീനിലെ ദൃശ്യങ്ങളനുസരിച്ച് മുഴ നീക്കുകയായിരുന്നു. ഒരുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയായി.

മൂക്കിലൂടെ രക്തസ്രാവം, തലവേദന, മണമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗിയെത്തിയത്. എം.ആർ.ഐ സ്കാനിംഗിൽ പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവമായ ക്യാൻസർ മുഴയായ എസ്‌തെഷിയോ ന്യൂറോബ്ലാസ്റ്റോമയാണെന്ന് സ്ഥിരീകരിച്ചു. ഇ.എൻ.ടി യൂണിറ്റ് 2 മേധാവി ഡോ. സുചിത് റോയുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. എസ്.സുജാതയുടെ നേതൃത്വത്തിൽ ഡോ. താര, നഴ്സ് ശ്യാമ, അനസ്‌തേഷ്യയിലെ ഡോ. ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് വിജയകരമായി നടത്തിയത്.

 ഡി ബ്രൈഡർ ഉപകരണം മുഴയുടെ വേരറുത്ത് നീക്കി.

 രക്തസ്രാവം തടയാൻ കോ ബ്ലേറ്ററുപയോഗിച്ച് ആ ഭാഗത്തെ കോശങ്ങളെ കരിച്ചു.

 മുഴനീക്കുന്ന ഭാഗത്ത് സ്രവങ്ങൾ വരാതിരിക്കാൻ കാലിലെ എല്ലിന് പുറത്തുള്ള ആവരണം അടർത്തിയെടുത്ത് മൂക്കിലൂടെ കടത്തി ചേർത്തുപിടിപ്പിച്ചു.  ടിഷ്യൂ ഗ്ലൂ ഉപയോഗിച്ചാണ് ആവരണമൊട്ടിച്ചു. ടിഷ്യൂ ഗ്ലൂവിന്റെ പണമാണ് രോഗിക്ക് ചെലവായത്.

ക്യാൻസർ ചികിത്സ വേഗത്തിലാകും

വലിയ മുറിവോ രക്തനഷ്ടമോ ദിവസങ്ങൾ നീണ്ട ആശുപത്രിവാസമോയില്ലാതെ മുഴനീക്കിയതിനാൽ തുടർചികിത്സ വേഗത്തിലാകും. റേഡിയേഷൻ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ വേഗത്തിൽ ആരംഭിക്കാനും ക്യാൻസർ പടരുന്നത് തടയാനും സാധിക്കും.


Read Previous

ഓപ്പറേഷൻ മിഡ്‌നൈറ്റ് വഴി ഒറ്റ രാത്രി കൊണ്ടു കൊച്ചി നഗരത്തില്‍ പിടിയിലായത് 300 പേര്‍

Read Next

ഡ്രൈവർ കുഴഞ്ഞുവീണു, നിയന്ത്രണംവിട്ട ബസ് കലുങ്കിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »