
അബഹ : കിഴക്കൻ പ്രവിശ്യയിലെ ജൂബൈലിൽ നിന്നും വിനോദസഞ്ചാരകേന്ദ്രമായ അബഹയിലെ ത്തിയ മലയാളി സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവർ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, എടപ്പാൾ, വട്ടകുളം സ്വദേശി, മരക്കാരകത്ത് കണ്ടരക്കാവിൽ, മുഹമ്മദ് കബീർ (49) ആണ് മരിച്ചത്.
ഈദ് അവധി ആഘോഷിക്കാൻ ജുബൈലിൽ നിന്നുമുള്ള മലയാളി കുടുംബങ്ങളുടെ സംഘത്തെ അബഹയിലത്തിച്ചത് മുഹമ്മദ് കബീർ ഓടിച്ചിരുന്ന മിനിബസിലായിരുന്നു. അബഹയിലെ വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തിയ സംഘവുമായി വെള്ളിയാഴ്ച തിരികെ മടങ്ങാൻ തയാറെടുത്തു രാത്രി ഉറങ്ങാൻ കിടന്ന കബീറിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായി രുന്നു.
ഒന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായ മുഹമ്മദ് കബീർ ജുബൈലിൽ സ്വകാര്യ മിനിബസ് ഓടിക്കുന്നുണ്ട്. അബ്ദുല്ലകുട്ടി, ആമിനകുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: റജില. നിയമനടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കെഎംസിസി നാഷനൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. സംസ്കാരം നാട്ടിൽ.