റിയാദ്: സ്പോൺസർ മരണമടഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലായ തമിഴ്‌നാട് സ്വദേശി ബാലമുരുഗന് കേളി കലാസാംസകാരിക വേദി തുണയായി. കഴിഞ്ഞ നാലുവർഷമായി റിയാദിലെ ഫാത്തിമ സഹറയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തിരുവണ്ണാമലൈ സ്വദേശി ബാലമുരുഗൻ. നാലുമാസം മുമ്പ് സ്പോൺസറുടെ പെട്ടന്നുള്ള മരണം ബാലമുരുഗനെ പ്രതിസന്ധിയിലാക്കി. കുട്ടികളില്ലാത്ത സ്പോൺസറുടെ രണ്ട് സഹോദരിമാരാണ് പിന്നീട് കാര്യങ്ങൾ നോക്കിയിരുന്നത്.

ബാലമുരുഗന് ജോലി നൽകുന്നതിനോ, രേഖകൾ ശരിയാക്കി തിരികെ നാട്ടിലേക്ക് അയക്കുന്നതിനോ സ്പോൺസറുടെ ബന്ധുക്കളോ മറ്റോ തയ്യാറായില്ല. മാത്രമല്ല സ്പോൺസറുടെ കൈവശമുണ്ടായിരുന്ന പാസ്സ്പോർട്ട് പോലും തിരികെ നൽകിയില്ല.
ഭക്ഷണവും ശമ്പളവും ഇല്ലാതെ കഴിയേണ്ടി വന്ന ബാലമുരുഗൻ സഹായം തേടി കേളിയെ സമീപിക്കുകയായിരുന്നു. കേളിയുടെ മലാസ് ഏരിയ ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയും എംമ്പസിയുമായി ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിക്കുകയും ചെയ്തു. താമസ സൗകാര്യങ്ങളും ഭക്ഷണവും സുഹൃത്തുക്കൾ നൽകി. വിഷയം പരിഹരിക്കുന്നതിന്ന് മൂന്നു മാസത്തോളം സമയമെടുത്തു. ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി. മടക്ക യാത്രക്കുള്ള ടിക്കറ്റും കേളി കേന്ദ്ര കമ്മറ്റി നൽകി. കേളി മലാസ് ഏരിയ ഏരിയ ആക്ടിങ് പ്രസിഡന്റ് മുകുന്ദന്റെ സാന്നിധ്യത്തിൽ മലാസ് ജീവകാരുണ്യ വിഭാഗം ഏരിയാ കൺവീനർ പിഎൻഎം റഫീഖ് ബാലമുരുഗന് ടിക്കറ്റും യാത്രാരേഖകളും കൈമാറി. പ്രതിസന്ധിയിൽ തന്നോടൊപ്പം നിന്ന കേളി പ്രവർത്തകർക്ക് ബാലമുരുഗൻ നന്ദി പറഞ്ഞു.