തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ഇഷ്ടഭക്ഷണം ആവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. ഭക്ഷണം കഴിക്കുന്നതിൽ വിമുഖത കാട്ടിയപ്പോൾ എന്താണ് പ്രശ്‌നമെന്ന് പൊലീസ് ചോദിച്ചു. താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ആഹാരങ്ങൾ കഴിക്കുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. തുടർന്ന് പൊലീസ് ഇവ വാങ്ങിനൽകി. നേരത്തെ ഊണിനൊപ്പം മീൻ കറി ഇല്ലേയെന്ന് അഫാൻ പൊലീസിനോട് ചോദിച്ചിരുന്നു.

രാത്രി സെല്ലിൽ വിരിച്ചുകിടക്കാൻ പൊലീസ് പത്രം നൽകിയിരുന്നു. ഇത് മുഴുവനും അഫാൻ വായിച്ചുതീർത്തു. തുടർന്ന് പൊലീസ് പത്രം തിരികെ വാങ്ങി. തനിക്ക് നിലത്ത് കിടക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പൊലീസ് അഫാന് പായയും വാങ്ങിനൽകി. കൊലപാതകത്തിനായി ഇരുമ്പ് കമ്പി വാങ്ങാനാണ് ആദ്യം ഉദ്ദേശിച്ചത്. കൊണ്ടുനടക്കാൻ എളുപ്പത്തിനാണ് പിന്നീട് ചുറ്റിക വാങ്ങിയതെന്നാണ് മൊഴി. കൊലപ്പെടുത്തിയതിന്റെ രീതി ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഇനി മുന്നോട്ടു പോകാൻ കഴിയാത്തവിധം കടം പെരുകിയതോടെയാണ് കൊല ചെയ്യാൻ തീരുമാനിച്ചത്. ദിവസവും പലിശ നൽകുന്ന രീതിയിൽ ബ്ളേഡ് പലിശക്കാരിൽ നിന്നാണ് കൂടുതൽ പണവും വാങ്ങിയത്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കിന് പുറമെ കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. താൻ നൽകിയ മാല ഫർസാനയും അഫാനോട് നിരന്തരം തിരികെ ആവശ്യപ്പെട്ടു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല നൽകിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫർസാന മാല തിരികെ ആവശ്യപ്പെട്ടത്.
അഫാൻ പറഞ്ഞ 70 ലക്ഷത്തിന്റെ കടവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അഫാന്റെയും ഷെമിയുടെയും മൊബൈലിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ അഫാന്റെ പിതാവ് റഹിം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുറച്ച് പണം നാട്ടിലേയ്ക്ക് അയച്ചുവെന്ന് റഹിം പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ബാങ്ക് രേഖകളിൽ ഇത് കാണുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.