അമേരിക്കയുമായി അകലം പാലിച്ച് കാനഡ; പഴയ ബന്ധം അവസാനിച്ചു, ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് കാർണി


ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനി ക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചു പോക്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം നികുതി ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കാര്‍ണിയുടെ പ്രതികരണം. അമേരിക്കന്‍ നടപടി ഏകദേശം അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങളുള്ള കനേഡിയന്‍ ഓട്ടോ വ്യവസായത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രംപിന്റെ തീരുവ പ്രഖ്യാപനം വന്നതോടെ, ഏപ്രില്‍ 28ന് കാനഡയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ പ്രചാരണം കാര്‍ണി താല്‍ക്കാലികമായി നിര്‍ത്തി വച്ചു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി അദേഹം തലസ്ഥാനമായ ഒട്ടാവയിലെത്തി.

ട്രംപിന്റെ വാഹന തീരുവകള്‍ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും കാര്‍ണി പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം ട്രംപ് മാറ്റി മറിച്ചെന്നും ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും തിരിച്ചു പോക്ക് ഉണ്ടാവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പുതിയ താരിഫുകളോടുള്ള തങ്ങളുടെ പ്രതികരണം പോരാടുക, സംരക്ഷിക്കുക, നിര്‍മിക്കുക എന്നതാണെന്നും കാര്‍ണി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മാര്‍ച്ച് 14 നാണ് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി കാര്‍ണി നിയമിതനായത്.

സാധാരണ ഗതിയില്‍ അധികാരമേറ്റ ഉടന്‍ തന്നെ പുതിയ കനേഡിയന്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി ഒരു ഫോണ്‍ സംഭാഷണം നടത്താറുണ്ട്, എന്നാല്‍ ട്രംപും കാര്‍ണിയും ഇതുവരെ അത്തരത്തില്‍ സംസാരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ കഴിഞ്ഞ ദിവസം ഇക്കാര്യവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് കാര്‍ണിയുമായി സംസാരിച്ചുവെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ട്രംപുമായുള്ള ചര്‍ച്ച നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപുമായി സംസാരിക്കാന്‍ തയ്യാറാണെങ്കിലും കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ, പ്രത്യേകിച്ച് ആവര്‍ത്തിച്ചുള്ള അധിനിവേശ ഭീഷണികള്‍ അവസാനിപ്പിക്കുന്നത് വരെ വ്യാപാര കരാറുകളില്‍ ചര്‍ച്ച നടത്തില്ലെന്നാണ് കാര്‍ണിയുടെ നിലപാട്.


Read Previous

തുർക്കിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് പതിനായിരങ്ങൾ; എർദോഗന്റെ ഏകാധിപത്യത്തിന് അവസാനമായോ?

Read Next

പ്രമുഖ പ്രവാസി വ്യവസായി അപ്പൻ മേനോൻ ദമാമിൽ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »