കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു


കാസർകോട് : കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയിൽ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽകുമാർ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ സ്വർണമാണിത്. ഇതോടെ കേസിൽ ആകെ 1.6 കിലോ സ്വർണം വീണ്ടെടുക്കാനായി.

അനിൽകുമാറും അബ്ദുൾഗഫൂറും ചേർന്ന് കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖയിൽ പണയപ്പെടുത്തിയ 135 പവനും അബ്ദുൾ ഗഫൂർ പെരിയ ശാഖയിൽ പണയപ്പെടുത്തിയ 50 പവനും നേരത്തേ വീണ്ടെടുത്തിരുന്നു. അന്ന് പക്ഷേ അനിൽകുമാർ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നില്ല. ഇവർക്കൊപ്പം പിടിയിലായ അഹമ്മദ് ബഷീർ ബന്ധുക്കളുടെ പേരിൽ ദേശസാത്കൃത ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിൽ 50 ലക്ഷത്തിന് പണയപ്പെടുത്തിയ സ്വർണാഭരണമാണ് വീണ്ടെടുക്കാനുള്ളത്. അതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ജോലിയിൽനിന്ന്‌ മാറ്റിനിർത്തിയ സമയത്ത് മേയ് ഒൻപതിന് സഹകരണസംഘം ഓഫീസിൽ അതിക്രമിച്ച് കടന്നാണ് സെക്രട്ടറി കെ.രതീശൻ പണയ ഉരുപ്പടികൾ കടത്തിയത്. ഇത് പിന്നീട് സുഹൃത്തുക്കൾക്ക് പണയപ്പെടുത്താൻ നൽകുകയായിരുന്നു. മുഖ്യപ്രതി രതീശനായുള്ള അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള അന്വേഷണസംഘത്തിനുപുറമെ ബേക്കൽ ഡിവൈ.എസ്.പി. ജയൻ ഡൊമിനികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രംഗത്തുണ്ട്.


Read Previous

സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

Read Next

ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് കാലിടറുന്നു, ഇന്ത്യാ മുന്നണിയുടെ തേരോട്ടം, ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ത്യാമുന്നണിയുടെ നല്ല പ്രകടനം,246 ഇടത്ത് ഇന്ത്യാമുന്നണി ലീഡ്, എന്‍ ഡി എ ലീഡ്, 276, കേരളത്തിൽ യുഡിഎഫ് മുന്നിൽ, വയനാട്ടിലും റായ് ബറേലിയിലും രാഹുല്‍ മുന്നില്‍, സ്മൃതി ഇറാനി പിന്നില്‍, 15 ഓളം കേന്ദ്രമന്ത്രിമാര്‍ പിന്നില്‍ ലൈവ് അപ്ഡേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »