ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ വിചാരണ നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. വിചാരണയ്ക്ക് പ്രത്യേക മാനദണ്ഡം രൂപീകരിക്കാന്‍ നിലവില്‍ സുപ്രീംകോടതിക്ക് സാധിക്കില്ല. എന്നാല്‍ കേസുകളുടെ വിചാരണ ഏതു രൂപത്തില്‍ നടക്കുന്നു എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ബെഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഈ ബെഞ്ചിന് ആവശ്യമെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ സഹായം തേടാം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിമാരോട് കേസുകളുടെ ഇപ്പോഴത്തെ നില സംബന്ധിച്ച് റിപ്പോര്‍ട്ട് തേടാവുന്നതാണ്. വധശിക്ഷ വരെ കിട്ടാവുന്ന കേസുകളില്‍ മുന്‍ഗണന നല്‍കി വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പല സംസ്ഥാനങ്ങളിലെയും കോടതികളില്‍ വൈകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. അതിനാല്‍ ദേശീയ തലത്തില്‍ പൊതു മാനദണ്ഡം ബുദ്ധിമുട്ടാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുള്‍ പ്പെട്ട മറ്റു ജഡ്ജിമാര്‍.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസു കളിലെ വിചാരണ നീണ്ടുപോകുകയാണ്. അതിനാല്‍ എത്ര മാസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കണം എന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കണം, ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ പിന്നീട് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കേര്‍പ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതിലാണ് കോടതി വിധി പ്രസ്താവിച്ചത്.
കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവില്‍ രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാ കാലയളവു കഴിഞ്ഞ് ആറു വര്‍ഷത്തിന് ശേഷം ആ വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്. അതിനു പകരം ആജീവനാന്തം വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.