സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ; ‘പേര് പിന്നീട് കൂട്ടിച്ചേർത്തു’


തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സിബിഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്നാണ് സൂചന. 

കഴിഞ്ഞദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ കത്താണ് പിന്നീട് വിവാദമായി മാറിയത്. ഈ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതു പിന്നീട് കൂട്ടിചേര്‍ത്തതാണ്. പരാതിക്കാരിയുടെ കത്ത് സഹായി മുഖേന ഗണേഷ് കുമാര്‍ കൈവശപ്പെടുത്തിയെന്ന് സിബിഐ പറയുന്നു. 

ഗണേഷിന്റെ ബന്ധു കൂടിയായ ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമെ, അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാലു കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ് മൂന്നാം ദിവസം തന്നെ, ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ്. ഇക്കാര്യം പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 

പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചതും വിവാദ ദല്ലാളാണ്. വിവാദ ദല്ലാളിന് രണ്ടു കത്തുകള്‍ കൈമാറിയിരുന്നതായി ശരണ്യ മനോജും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. പീഡനത്തിന് സാക്ഷി പറയാന്‍ പരാതിക്കാരി പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പിസി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ക്ലിഫ് ഹൗസിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി  പീഡിപ്പിച്ചെന്നായി രുന്നു പരാതി. എന്നാല്‍ ഇതില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 


Read Previous

ജി 20 വേദിയില്‍ നിന്ന് ബൈഡന്‍ വിയറ്റ്‌നാമിലേക്ക്; ആശങ്കയോടെ ചൈന

Read Next

നിലയ്ക്കാത്ത അലമുറകൾ’; മൊറോക്കോയിൽ മരണം 2,000 കവിഞ്ഞു; 1,400 പേർ ​ഗുരുതരാവസ്ഥയിൽ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ,മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും, സഹായഹസ്തവുമായി ലോകരാജ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »