
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജെ എസ് സിദ്ധാര്‍ത്ഥന്റെ വീട് ബി.ജെ.പി. നേതാവും നടനുമായ സുരേഷ്ഗോപി സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെയാണ് സുരേഷ്ഗോപി സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ കാണാനും ആശ്വസിപ്പിക്കാനും അവരുടെ വീട്ടിലെത്തിയത്. കേരളത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്കും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാവരുതെന്നും അതിനുവേണ്ടി കുടുംബത്തോടൊപ്പമുണ്ടാവുമെന്ന ഉറപ്പും സുരേഷ്ഗോപി കുടുംബത്തിന് നല്കി. സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നികൃഷ്ടവും പൈശാചികവുമായ അവസ്ഥ വിദ്യാര്‍ഥി രാഷ്ട്രീയ മേഖലയില്‍ എത്രയോ വര്‍ഷമായി കാണുന്നുവെന്ന് സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച ശേഷം സുരേഷ്ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ ഉറപ്പായിട്ടും കണ്ടെത്തണം. ക്രൂരമായി ശിക്ഷിക്കപ്പെടണം. സിദ്ധാര്‍ഥന്റെ മരണം അധ്യയനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മക്കളുള്ള എല്ലാ അച്ഛനമ്മമാരേയും വേദനിപ്പിച്ചിരിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് തീര്‍പ്പുകല്‍പ്പിക്കണം. വലിയ സ്ഫോടനാത്മകമായ തിരിച്ചടി ഇതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉറപ്പായിരിക്കും കിട്ടിയിരിക്കുമെന്നും അതിനൊപ്പം ഒരു പൗരനെന്ന നിലയ്ക്ക് താനും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലാഞ്ചനയുടെ പുറത്ത് പിന്തുണയ്ക്കാനും തെളിവ് നശിപ്പിക്കാനും പ്രതികള്‍ക്ക് കുടപിടിക്കാനും നടക്കുന്ന സമൂഹമുണ്ടെങ്കില്‍ അവരാണ് ശരിയായ ആസൂത്രകര്‍. രാജാവ് കള്ളനല്ലെന്ന് ആദ്യം വിശ്വാസം വരണം. കാലതാമസം കൂടാതെ സി.ബി.ഐയെപ്പോലൊരു ഏജന്‍സി അന്വേഷിക്കണം. ഒളിക്കാനും മറയ്ക്കാനും രക്ഷിക്കാനുമൊന്നുമില്ലെങ്കില്‍ ഉറപ്പായിട്ടും ആവശ്യപ്പെടുന്നതിന് മുമ്പ് സര്‍ക്കാര്‍ അത് കോടതിയില്‍ സമ്മതിക്കും. ആദ്യം അറസ്റ്റുചെയ്യേണ്ടത് വൈസ് ചാന്‍സലറേയാണ്. ക്രിമിനല്‍സൊക്കൊയാണോ ഇപ്പോള്‍ വി.സിയും ഡീനുമൊക്കെയാവുന്നതെന്നും സുരേഷ്ഗോപി ചോദിച്ചു.