വിദ്യാഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ നീക്കം; 10,12 ക്ലാസുകളിലെ സിലബസ് 15 ശതമാനം ചുരുക്കും


ന്യൂഡല്‍ഹി: സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും സിലബസ് 15 ശതമാനം കുറയ്ക്കും. 2025 അധ്യയന വര്‍ഷം തന്നെ ഇത് നടപ്പാക്കാനാണ് തീരുമാനം. ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്ക് 40 ശതമാനമായി വര്‍ധിപ്പിക്കും. ഫൈനല്‍ എഴുത്ത് പരീക്ഷയ്ക്ക് 60 ശതമാനം മാര്‍ക്ക്.

ഇംഗ്ലീഷ് സാഹിത്യം, സോഷ്യല്‍ സയന്‍സ് തുടങ്ങിയ തിരഞ്ഞെടുത്ത വിഷയങ്ങള്‍ക്ക് പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷയും നടപ്പാക്കും. പ്രോജക്ട്, അസൈന്‍മെന്റ്, പീരിയോഡിക് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ഇന്റേണല്‍ അസസ്മെ ന്റിനാണ് (നിരന്തര മൂല്യനിര്‍ണയം) കൂടുതല്‍ ഊന്നല്‍ നല്‍കുക.

നിലവില്‍ പത്താം ക്‌ളാസില്‍ 20 ശതമാനവും 12 ല്‍ 30 ശതമാനവുമാണ് ഇന്റേണല്‍ മാര്‍ക്ക്. ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ കാണാതെ പഠിക്കുന്നതിന്റെ ഓര്‍മ്മശക്തി പരിശോധിക്കുന്ന പരീക്ഷാ രീതിയാണ് മാറുന്നത്. ഓര്‍മ്മ ശക്തിയെ മാത്രം ആശ്രയിക്കാതെ വിശകലനം, വ്യാഖ്യാനം, പ്രായോഗിക ജ്ഞാനം എന്നിവയില്‍ കുട്ടികളുടെ ശേഷി വിലയിരുത്താം.

ഇന്‍ഡോറില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനത്തില്‍ സി. ബി.എസ്.ഇ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാര്‍ത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാനും വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും സിലബസിലും പരീക്ഷാ മൂല്യനിര്‍ണയത്തിലും സുപ്രധാന മാറ്റങ്ങളാണ് വരുന്നത്.

മറ്റ് പരിഷ്‌കാരങ്ങള്‍ ഇങ്ങനെ:

പ്രായോഗിക വിജ്ഞാനം

2025ല്‍ ഏകദേശം 50 ശതമാനം ചോദ്യങ്ങളും പ്രായോഗിക അറിവും നൈപുണ്യ വിദ്യാഭ്യാസവും അടിസ്ഥാനമാക്കി. തിയറി പഠനത്തേക്കാള്‍ അറിവുകള്‍ പ്രയോഗി ക്കാനുള്ള ശേഷി നിര്‍ണയിക്കുന്നതിന് മുന്‍തൂക്കം. വിഷയങ്ങള്‍ മനപാഠ മാക്കുന്ന പരമ്പരാഗതരീതിക്ക് പകരം വിമര്‍ശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും പരിപോഷിപ്പിക്കും.

ഡിജിറ്റല്‍ മൂല്യനിര്‍ണയം

തെറ്റുകള്‍ ഒഴിവാക്കി മൂല്യ നിര്‍ണയം സുതാര്യമാക്കാനും ഗ്രേഡിംഗ് കൃത്യമാക്കാനും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ ഉത്തരക്കടലാസിന്റെ ഡിജിറ്റല്‍ മൂല്യനിര്‍ണയം തുടരും.

വിശകലന ശേഷി

മനപാഠമാക്കുന്നതിന് പകരം വിശകലന കഴിവുകള്‍ക്കും ആശയങ്ങള്‍ മനസിലാ ക്കുന്നതിനും ഊന്നല്‍. ജീവിതത്തില്‍ അറിവ് പ്രയോഗിക്കാനുള്ള കഴിവ് വളര്‍ത്തും. 2025 ല്‍ 10, 12 ക്ലാസുകളില്‍ ഒറ്റ ടേം പരീക്ഷ നിലനിറുത്തും. 2025-2026 മുതല്‍ രണ്ടു ബോര്‍ഡ് പരീക്ഷകള്‍. ഒറ്റ ബോര്‍ഡ് പരീക്ഷയുടെ സമ്മര്‍ദ്ദം ഒഴിവാക്കാം. പഠനം കൂടുതല്‍ കാര്യക്ഷമമാകും. മാര്‍ക്കും പ്രകടനവും മെച്ചപ്പെടുത്താന്‍ കൂടുതല്‍ അവസരങ്ങള്‍. വര്‍ഷം മുഴുവന്‍ പഠന പുരോഗതി അറിയാം.


Read Previous

ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അനുര കുമാര ദിസനായകയുടെ എന്‍പിപി തകര്‍പ്പന്‍ വിജയത്തിലേക്ക്

Read Next

മുനമ്പം പ്രശ്‌നം നീണ്ടുപോയാല്‍ കേരളത്തിന് വലിയ വില കൊടുക്കേണ്ടി വരും; സാദിഖലി തങ്ങള്‍ ബിഷപ്പുമാരെ കാണുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »