സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആര്‍എസ്എസ് വിലക്ക് നീക്കി കേന്ദ്രം; ഇനി നിക്കറിട്ടും ജോലിക്ക് വരാമെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം


ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ജൂലൈ ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് എക്സില്‍ പങ്കുവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്വയം പ്രഖ്യാപിത നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് ജയറാം രമേശ് പരിഹസിച്ചു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് 58 വര്‍ഷത്തിന് ശേഷം മോഡി സര്‍ക്കാര്‍ മാറ്റിയതെന്ന് അദേഹം വിമര്‍ശിച്ചു.

ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷം നാഗ്പൂരില്‍ ആര്‍എസ്എസ് പതാക പറത്തിയിട്ടില്ല. ബ്യൂറോക്രസിക്ക് ഇനി മുതല്‍ നിക്കറില്‍ വരാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്നും നടപടിയില്‍ ജയറാം രമേശ് പരിഹസിച്ചു.

1966 ല്‍ വീണ്ടും നിയന്ത്രണം കൊണ്ടു വന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആര്‍എ സ്എസിലെയും ജമാ അത്തെ ഇസ്ലാമിയിലെയും അംഗത്വവും പ്രവര്‍ത്തനവും സംബന്ധിച്ച് സര്‍ക്കാരിന് ചില സംശയങ്ങള്‍ ഉള്ളതായി അതില്‍ പറയുന്നു.

അതേസമയം ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും ഉത്തരവിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 58 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോഡി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും സ്വാഗതാര്‍ഹമായ കാര്യമാണെന്നും ആണ് അമിത് മാളവ്യയുടെ അഭിപ്രായം.


Read Previous

എ.ഐ റാംപില്‍ ചുവടുവെച്ച് ലോക നേതാക്കള്‍; ഫ്രാന്‍സിസ് പാപ്പ, ട്രംപ്, ബൈഡന്‍, പുട്ടിന്‍, മോഡി, കിം ജോങ് ഉന്‍… വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്

Read Next

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത് ഭര്‍ത്താവ് ആശുപത്രിയിലെ എക്‌സ്‌റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »