ചാംപ്യൻസ് ട്രോഫി: ന്യൂസിലൻഡും കടന്ന് ഇന്ത്യ, മിന്നും ജയം; സെമിയില്‍ ഓസ്‌ട്രേലിയയെ എതിരാളികള്‍.


ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 249 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് 205 റണ്‍സെടുക്കുന്നതിനിടെ 45.3 ഓവറില്‍ അവസാനിച്ചു. 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ് ചാംപ്യന്‍മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയാണ് സെമിയില്‍ എതിരാളികള്‍.

വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വേഗം പകര്‍ന്നത്. അഞ്ച് വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ ആണ് ന്യൂസിലന്‍ഡ് നിലയിലെ ടോപ് സ്‌കോറര്‍.

നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. 30 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പിന്നീടെത്തിയവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി നിലയുറപ്പിച്ചതായിരുന്നു ഇന്ത്യയ്ക്ക് ഗുണമായത്. 4 ഫോറും 2 സിക്സും സഹിതം 79 റണ്‍സാണ് ശ്രേയസ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. അക്ഷര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിനു ഉറച്ച പിന്തുണ നല്‍കി.

ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. താരം 45 പന്തില്‍ 4 ഫോറും 2 സിക്സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു. കെഎല്‍ രാഹുല്‍ (23), രവീന്ദ്ര ജഡേജ (16), മുഹമ്മദ് ഷമി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് 30 റണ്‍സിനിടെ നഷ്ടമായത്. കരിയറിലെ 300 ഏകദിനത്തിന് ഇറങ്ങിയ കോഹ്ലിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലും പിന്നാലെ രോഹിതും കോഹ്ലിയും കൂടാരം കയറി. കിവികള്‍ക്കായി മാറ്റ് ഹെന്റി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.


Read Previous

കേളി ജനകീയ ഇഫ്താർ മാർച്ച് 21ന്.സംഘാടക സമിതി രൂപീകരിച്ചു

Read Next

ഷഹബാസിന്റെ കൊലപാതകം; പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി,​ നടപടി സുരക്ഷാ കാരണങ്ങളാൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »