ഡിങ് ലിറന്റെ ഒറ്റ നിമിഷത്തെ പിഴവിന് ​’ചെക്ക്’! ചെസിന്റെ മഹിത ചരിത്രത്തിൽ ഒരേയൊരു ‘ദൊമ്മരാജു ​ഗുകേഷ്’


സിങ്കപ്പുർ: പ്രവചനങ്ങളെ കാറ്റിൽപ്പറത്തുക എന്നത് ദൊമ്മരാജു ​ഗുകേഷ് എന്ന ഡി ​ഗുകേഷിന്റെ ശീലമാണ്. നിലവിലെ ലോക ചാംപ്യൻ, ഫൈനലിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരം, പോരാട്ടം സമനിലയിൽ അവസാനിച്ച് മത്സരം റാപ്പിഡിന്റെ വേ​ഗ നീക്കങ്ങളിലേക്ക് പോയാൽ കിരീടം ഉറപ്പ്… തുടങ്ങി നിരവധി വിശേഷണങ്ങളുമായാണ് ചൈനയുടെ ഡിങ് ലിറൻ 18കാരനായ ​ഗുകേഷിനെ നേരിടാനെത്തിയത്. ആദ്യ ​ഗെയിമിലെ ഡിങ് ലിറന്റെ വിജയവും ആ വിശേഷണങ്ങൾ ശരിവച്ചു.

എന്നാൽ പതിയെ പതിയെയാണ് ​ഗുകേഷ് തിരിച്ചടി തുടങ്ങിയത്. മൂന്നാം പോരാട്ടത്തിൽ ജയം പിടിച്ച് യാത്ര തുടങ്ങി. തുടരെ സമനിലകൾക്കൊടുവിൽ ഡിങ് ലിറനെ പിന്നിലാക്കി രണ്ടാം ജയം. നാലാം ​ഗെയിം മുതൽ 11ാം ​ഗെയിം വരെ സമനിലകൾ. എന്നാൽ 11ാം ​ഗെയിമിൽ ​ഗുകേഷ് അട്ടിമറി ജയം നേടിയതോടെ കളി മുറുകി. ലോക കിരീടത്തിലേക്ക് മൂന്ന് സമനിലകൾ മാത്രം മതിയെന്ന നിലയിൽ ​ഗുകേഷ് നിൽക്കെ 12ാം ​ഗെയിമിൽ ഡിങ് ലിറന്റെ തിരിച്ചു വരവ്. ഇതോടെ 13, 14 ​ഗെയിമുകൾ നിർണായകമായി. എന്നാൽ 13ാം പോരാട്ടവും സമനിലയിൽ ആയതോടെ അവസാന ​ഗെയിം അതി നിർണായകമായി ഇരുവർക്കും.

14ാം ​ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാൻ ​ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ​ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മർദ്ദം കൂട്ടാൻ നിൽക്കാതെ ഡി ​ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാംപ്യനെന്ന അനുപമ നേട്ടം. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസിന്റെ ലോക കിരീടം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്.

ചെസ് ഇതിഹാസം റഷ്യയുടെ ​ഗാരി കാസ്പറോവ് 1985ൽ, തന്റെ 22ാം വയസിൽ നേടിയ ലോക കിരീടത്തിന്റെ റെക്കോർഡ് ഇനി പഴങ്കഥ. 18ാം വയസിൽ ആ നേട്ടം സ്വന്തമാക്കി ​ഗുകേഷ് ചെസിന്റെ ഇന്ത്യൻ പാരമ്പര്യത്തിന്റെ പതാകാ വാഹകനാകുന്നു. ഒപ്പം ഒരു മഹ​ത്തായ ചരിത്രത്തിന്റെ ഭാ​ഗവും. വിജയ ശേഷം ​ഗുകേഷ് പൊട്ടിക്കരഞ്ഞു പോയി. അത്രയും ദിവസം നീണ്ട കഠിനാധ്വാനത്തിന്റെ ഫലം നേടിയതിന്റെ ആനന്ദമായിരുന്നു ആ 18കാരന്റെ കണ്ണിൽ നിന്നു ഒലിച്ചിറങ്ങിയ കണ്ണുനീർ.


Read Previous

തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വനിതാ വേദി രൂപീകരിച്ചു

Read Next

അമ്മയുടെ തോൽവിക്ക് പകരം വീട്ടാൻ മകൻ; കെജരിവാളിനെതിരെ ന്യൂഡൽഹിയിൽ സന്ദീപ് ദീക്ഷിത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »