മക്കളുണ്ടാകില്ല, റെയിൽവേ സ്റ്റേഷനിലെത്തിയ നാലുവയസുകാരനെ തട്ടിയെടുത്ത് കടന്ന ദമ്പതികൾ പിടിയിൽ


ജയ്‌പൂർ: റെയിൽവേ സ്​റ്റേഷനിൽ നിന്ന് നാലു വയസുകാരനെ തട്ടിക്കൊണ്ട് പോയ ദമ്പതികൾ അറസ്​റ്റിൽ. സുന്ദർ കശ്യപ് (28), ജീവിക (28) എന്നിവരാണ് പിടിയിലായത്. ജയ്‌പൂർ റെയിൽവേ സ്​റ്റേഷനിൽ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളില്ലാത്ത സങ്കടം കൊണ്ടാണ് ദമ്പതികൾ ഇങ്ങനെ ചെയ്തതെന്നാണ് വിവരം. പ്രിയങ്ക എന്ന യുവതിയുടെ മകനെയാണ് ഇവർ തട്ടിയെടുത്തത്.

ശിവമിലുളള സ്വന്തം വീട്ടിൽ പോകുന്നതിന് മൂന്ന് മക്കളോടൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു പ്രിയങ്ക. അതിനിടയിലാണ് ജീവിക കുട്ടിയെ തട്ടിയെടുത്തത്. തുടർന്ന് പ്രതികൾ ഉത്തർപ്രദേശിലെ നാരായൻ സിംഗ് സർക്കിളിലേക്ക് ബസ് മാർഗം രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ പ്രിയങ്കയും ഭർത്താവും പൊലീസിൽ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ദമ്പതികളെ പിടികൂടിയതെന്ന് എസ്എച്ച്ഒ അരുൺ ചൗധരി പറഞ്ഞു. കൃത്യം നടന്ന് രണ്ട് ദിവസത്തിനുശേഷം ഇവരെ രാജസ്ഥാനിലെ മഹുവയിൽ നിന്നാണ് പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതികളെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ട് കുട്ടികളുടെ അമ്മയായ ജീവിക കുടുംബത്തെ ഉപേക്ഷിച്ച് കൂലിപ്പണിക്കാരനായ സുന്ദർ കശ്യപിനോടൊപ്പം പോകുകയായിരുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തതുകൊണ്ട് ജീവികയ്ക്ക് മൂന്നാമതൊരു കുഞ്ഞിന് ജൻമം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതിനായി ധാരാളം ചികിത്സകൾ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് കുഞ്ഞിനെ തട്ടിയെടുത്ത് വളർത്താമെന്ന് ഇവർ തീരുമാനിച്ചത്.

കഴിഞ്ഞ എട്ട് മാസമായി കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനായി ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൃത്യം നടത്താനായി റെയിൽവേ സ്​റ്റേഷനിൽ പോകുമ്പോൾ പ്രതികൾ വസ്ത്രങ്ങളും കുട്ടിക്കാവശ്യമായ പാലും ഭക്ഷണവും കരുതിയിരുന്നു. ആൺകുഞ്ഞിന് ആശിഷ് എന്ന് പേരിടാൻ ഇവർ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു.


Read Previous

കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ, ശരീരത്തിൽ 11 തവണ കുത്തേറ്റു; ഷിബിലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Read Next

ദയവ് ചെയ്ത് ഞങ്ങളെ ഇനിയും പറഞ്ഞു പറ്റിക്കരുത്, വിങ്ങിപ്പൊട്ടി ആശ വർക്കർമാർ’ ആരോഗ്യ മന്ത്രിയുമായി വീണ്ടും ചർച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »