റിയാദ് : പശ്ചിമേഷ്യയിൽ വീണ്ടും കൂട്ടക്കുരുതി നടക്കുമ്പോൾ, പലസ്തീൻ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടവും ഇസ്രയേലിന്റെ അധിനിവേശവും വീണ്ടും ചർച്ചചെയ്തുകൊണ്ട് ഒക്ടോബർ ‘ചില്ല ‘വായന റിയാദ് ലുഹ ആഡിറ്റോറിയ ത്തിൽ നടന്നു. ജുനൈദ് അബൂബക്കർ എഴുതിയ പോനോൻ ഗോംബെ എന്ന നോവ ലിന്റെ വായനുഭവം പങ്കുവച്ചുകൊണ്ട് സീബ കൂവോട് വായനക്ക് തുടക്കം കുറിച്ചു. ആഫിക്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ, പ്രണയവും വിരഹവും ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയും പങ്കുവയ്ക്കുന്നു.

ഭീകരവിരുദ്ധ പോരാട്ടമെന്ന പേരിൽ, ഇസ്ലാമോഫോബിയയുടെ ഇരകളായി മാറുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരുകൂട്ടം ജനങ്ങളുടെ ജീവിതം നോവലിൽ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം ഭൂമികയിൽ വിലാസം നഷ്ടപ്പെടുന്നവരുടെ വേദനകളും ദുരിതങ്ങളും പങ്കുവയ്ക്കുന്ന കൃതിയുടെ സവിശേഷതകൾ സീബ കൂവോട് വിവരിച്ചു.
തുടർന്ന്, അജയ് പി മങ്ങാട്ടിന്റെ മൂന്നു കല്ലുകൾ എന്ന നോവലിന്റെ ഇതിവൃത്തം ഫൈസൽ കൊണ്ടോട്ടി അവതരിപ്പിച്ചു. ഒരു നോവലിസ്റ്റ് എന്ന നിലയിൽ ഗ്രന്ഥകാ രന്റെ പൂർണ്ണ പരിണാമം അടയാളപ്പെടുത്തുന്നുവെന്ന് ആമുഖമായി പറഞ്ഞാണ് ഫൈസൽ കൊണ്ടോട്ടി തന്റെ വായനാനുഭവം പങ്കുവെച്ചത്. മനുഷ്യനും ഭരണകൂടവും ചെയ്യുന്ന കുറ്റകൃത്യങ്ങൾ സംഗ്രഹമായി നോവലിൽ നിറഞ്ഞു നിൽക്കുന്നു വെന്നും, ഒരുപക്ഷെ വിഷാദവും ദുഃഖവും, മടുപ്പും വായനക്കാരനിൽ സൃഷ്ടിക്കുമെങ്കിലും , ആഴത്തിലുള്ള വായനയിലേക്ക് പ്രവേശിക്കുമ്പോൾ ജിജ്ഞാസ ഉണർത്തുന്നു വെന്നും, കഥാപാത്രങ്ങളുടെ സൂക്ഷ്മവികാരങ്ങൾ, പല കാലങ്ങളിലായി പടര്‍ന്നു കിടക്കുന്ന കഥ, ഭൂതഭാവിവര്‍ത്തമാനകാല ഫ്ലാഷ്ബാക്കുകളൊക്കെ മികച്ചൊരു വായനാനുഭവം സമ്മാനിക്കുന്നുവെന്ന് ഫൈസൽ പറഞ്ഞു.
പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരി ജെസ്സി ഹാസ് എഴുതിയ ചെയ്‌സ് എന്ന ബാലസാഹിത്യ കൃതിയുടെ വായന സ്നിഹ്ദ വിപിൻകുമാർ അവതരിപ്പിച്ചു. കൃതിയിലെ വായനക്കാരെ ആകർഷിക്കുന്ന, നിഗൂഢതതയും സസ്പെൻസും നാടകീയതയും നിറഞ്ഞ രക്ഷപ്പെടലിന്റെ കഥയും സ്നിഹ്ദ സദസുമായി പങ്കുവച്ചു. ജെസ്സി ഹാസിന്റെ മറ്റുകൃതികളിൽ എന്നപോലെ കുതിരയും നോവലിൽ പ്രധാന കഥാപാത്രമായി ഗ്രന്ഥകാരി അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ കാലജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോഴുണ്ടാകുന്ന തിരിച്ചറിവു കളെ മനോഹരമായി വരച്ചിടുന്ന ലൈല സക്കീറിന്റെ ‘തണലിൽ തളിർത്തത്’ എന്ന കൃതിയാണ് സഫറുദീൻ താഴേക്കോട് അവതരിപ്പിച്ചത്. ബാല്യം ഒരുപിടി ഓർമകൾ മാത്രമല്ല, വൈകാരികമായോ ഭൗതികമായോ ചില നഷ്ട്ടപ്പെടൽ കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നതും എല്ലാക്കാലത്തും എല്ലായിടത്തുമുള്ള സ്ത്രീജീവിതങ്ങൾ സമാനമാണെന്നുള്ള കണ്ടെത്തലുകളാണ് പുസ്തകത്തിലെ കഥകൾ ചർച്ച ചെയ്യുന്നതെന്ന് സഫറുദീൻ അഭിപ്രായപ്പെട്ടു.
ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ മൂർത്തമായ സമകാലിക പശ്ചാത്തല ത്തിൽ, ഇസ്രായേൽ സ്വദേശിയായ ചരിത്രകാരൻ ഐലൻ പാപ്പെയുടെ ‘ടെൻ മിത്ത് എബൌട്ട് ഇസ്രേൽ’ എന്ന കൃതിയുടെ വായന ഷഹീബ വി കെ അവതരിപ്പിച്ചത് കൂടുതൽ ചർച്ചക്കും സംവാദത്തിനും ഇടനൽകി. ഇസ്രായേൽ എന്ന ജൂതരാജ്യത്തിൻ്റെ ഉത്ഭവത്തെയും സ്വത്വത്തെയും കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ, വസ്തുതകളും നിരീക്ഷണങ്ങളുമാണ് ചരിത്രകാരൻ കൂടിയായ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്.
ബാൽഫോർ പ്രഖ്യാപനത്തിന്റെ സമയത്ത് ഫലസ്തീൻ ഒരു ശൂന്യഭൂമിയായിരുന്നുവെന്ന അവകാശവാദവും സയണിസത്തിന്റെ രൂപീകരണവും രാഷ്ട്രനിർമ്മാണത്തിന്റെ ആദ്യ ദശകങ്ങളിൽ അതിന്റെ പങ്കും 1948-ൽ പലസ്തീനികൾ സ്വമേധയാ അവരുടെ മാതൃഭൂമി വിട്ടുപോയി തുടങ്ങിയ വാദങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്ന താണ് ഈ പുസ്തകമെന്ന് ഷഹീബ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിലും സംവാദത്തിലും മൂസ കൊമ്പൻ, വിപിൻകുമാർ, ജോമോൻ സ്റ്റീഫൻ, പ്രദീപ് ആറ്റിങ്ങൽ, വിനോദ് മലയിൽ, ബഷീർ കാഞ്ഞിരപ്പുഴ, ഷിഹാബ് കുഞ്ചിസ് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. നാസർ കാരക്കുന്ന് പുസ്തകാവതരണങ്ങളെ അവലോകനം ചെയ്യുകയും ചർച്ചകളെ ഉപസംഹരിച്ചുകൊണ്ടും സംസാരിച്ചു.
ഫോട്ടോ : ചില്ലയുടെ ഒക്ടോബർ വായന ജുനൈദ് അബൂബക്കർ എഴുതിയ പോനോൻ ഗോംബെ എന്ന നോവലിൻ്റെ വായനാനുഭവം പങ്കിട്ട് സീബ കൂവോട് തുടക്കം കുറിക്കുന്നു