ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിൽ; മുങ്ങിക്കപ്പൽ മുതല്‍ ഉപഗ്രഹം വരെ നിരീക്ഷിക്കുമെന്ന് ആശങ്ക


മാലെ:  ഇന്ത്യയും മാലദ്വീപും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെ ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലെത്തി. തലസ്ഥാനമായ മാലെയിലെ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെടുന്ന ‘സിയാന്‍ യാങ് ഹോങ് 03’ മാലദ്വീപിലേക്ക് എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്തൊനീഷ്യയിലെ ജക്കാര്‍ത്ത തീരത്തുനിന്നാണു കപ്പല്‍ എത്തിയത്.

ചൈന അയയ്ക്കുന്ന കപ്പല്‍ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകള്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടു കൂടിയതാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് വിക്ഷേപണങ്ങളും നിരീക്ഷണ സാറ്റലൈറ്റുകളുടെ കൃത്യമായ സ്ഥാനവും മറ്റും മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല, മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനത്തിനായി അറിഞ്ഞിരിക്കേണ്ട കടലിന്റെ ആഴങ്ങളിലെ ഊഷ്മാവ് അളക്കാനും ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് കപ്പല്‍ എത്തുന്നതെന്നും ഇന്ത്യ ഭയക്കുന്നു.

വെള്ളത്തിനടിയിലെ ഭൂകമ്പങ്ങള്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാനും ഇത്തരം കപ്പലുകള്‍ക്ക് സാധിക്കും. എങ്കിലും സൈനിക ആവശ്യങ്ങള്‍ക്കായി ചാരപ്രവര്‍ത്തനത്തിനും ചൈന ഈ കപ്പല്‍ ഉപയോഗിക്കുന്നതായാണ് വിലയിരുത്തല്‍. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണത്തിനാണ് എത്തുന്നതെന്നു കരുതുന്നത്.

അതേസമയം, മാലദ്വീപില്‍ കപ്പല്‍ ഒരു നിരീക്ഷണവും നടത്തില്ലെന്നും നാവികരുടെ മാറ്റം പോലെയുള്ള നടപടിക്രമങ്ങള്‍ക്കായാണ് ചൈന ക്ലിയറന്‍സ് ആവശ്യപ്പെട്ടതെന്നും മാലദ്വീപ് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളെ മാലദ്വീപ് എക്കാലവും സ്വീകരിക്കാറുണ്ടെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി തുറമുഖം ആവശ്യപ്പെടുന്ന സ്വകാര്യ, സൈനിക കപ്പലുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതു തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


Read Previous

യുഎൻ കോടതിയിലും ഇസ്രയേലിനായി യുഎസ്

Read Next

കർഷകർക്കൊരു അനുകൂല പ്രതികരണം; കരിമ്പിന്‍റെ താങ്ങുവില വര്‍ദ്ധിപ്പിച്ച നടപടിയെ പ്രശംസിച്ചുകൊണ്ട്, പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »