ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവൽക്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി കെ ജോസഫ് അഭിപ്രായപ്പെട്ടു. റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യാ ചാപ്റ്ററിന്റെ അദ്ധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്. ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണ കമലം ഏറ്റുവാങ്ങിയിട്ടുള്ള വി കെ ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ബാബരി മസ്ജിദിന്റെ തകർക്കലിനോടനുബന്ധിച്ച് മലയാളത്തിൽ ഇറങ്ങിയ ധ്രുവം എന്ന സിനിമ ഉൽപ്പാദിപ്പിച്ച ഫ്യൂഡൽ-വർഗീയ-ഫാസിസ്റ്റ് ബോധം പിന്നീട് കുറേകാലം മലയാളസിനിമയെ ഭരിച്ചു. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ പാർശ്വവൽക്കരണവും സ്വാഭാവികമായ സാമൂഹ്യക്രമമാണെന്ന വ്യാജബോധം സൃഷ്ടിക്കാൻ അത്തരം സിനിമകൾക്ക് സാധിച്ചു. അടുത്ത കാലത്ത് മലയാളസിനിമ അത്തരം വാർപ്പുമാതൃ കകളിൽ നിന്ന് മുക്തിനേടിയതായി നമുക്ക് കാണാം. തമിഴ് സിനിമയാണെങ്കിൽ അടുത്ത കാലത്ത് ജനപ്രിയ സിനിമാഫോർമാറ്റിൽ തന്നെ വിപ്ലവകരവും പുരോഗമ നപരവുമായ വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പ രഞ്ജിത്തും മാരി ശെൽവരാജും അതാണ് ചെയ്യുന്നത്.
ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും പശ്ചാത്തലത്തിൽ ജോസഫ് നടത്തിയ വിലയിരുത്തലുകൾ സംവാദത്തിൽ പങ്കെടുത്തവരുടെ കാഴ്ച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കാൻ സാധിക്കുന്നതായിരുന്നു. ഏറ്റവും ജനപ്രിയ കലാമാദ്ധ്യമമായ സിനിമ ഏറ്റവും ശക്തമായ ആയുധം കൂടിയാണെന്ന തിരിച്ചറിവ് നേടാൻ വി കെ ജോസഫിന്റെ പ്രഭാഷണവും തുടർന്നുള്ള സംവാദവും സഹായിച്ചു. സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെ സമീപനങ്ങൾ നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികമായി ഒരു ജനത എത്രമാത്രം മുന്നോട്ടുപോകുന്നു എന്നതിന്റെ അടയാളമാണത്. ഇന്ത്യ നിന്ന സ്ഥലത്തുനിന്ന് പിറകോട്ടുപോകുമ്പോൾ സൗദി അറേബ്യ മുന്നോട്ട് പോകുകയാണ്. സവർക്കറിനെ അവതരിപ്പിക്കുന്ന സിനിമ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമാകുന്നത് തന്നെ ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ രാഷ്ട്രീയം, ജാതീയത, മതവർഗീയത, മൂലധനം, ജനപ്രിയത, സൗന്ദര്യശാസ്ത്രം എന്നിവയെല്ലാം വിമർശനബോധത്തോടെ സംവാദത്തിൽ സജീവമായിരുന്നു.
ചില്ല കോഡിനേറ്റർ സുരേഷ് ലാൽ സ്വഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷതവഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ പി എം സാദിഖ് സംസാരിച്ചു. വി.കെ ജോസഫിന്റെ ദീർഘമായ പ്രഭാഷണത്തിന് ശേഷം നടന്നചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് നന്ദി പറഞ്ഞു.