
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിലെ (സിഎഎ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള അസം സംയുക്ത പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു. സി.എ.എ. യിൽ പ്രതിഷേധിച്ച് അസമിൽ ഹർത്താൽ ആസൂത്രണം ചെയ്യുന്ന സംഘടനകൾക്കെതിരെ ‘നിയമ നടപടി’ സ്വീകരിക്കുമെന്ന് ഗുവാഹത്തി പോലീസ് മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ച് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചു.
വിജ്ഞാപനമിറങ്ങിയതിനു പിന്നാലെ അസമിൽ പ്രതിഷേധം ശക്തമായിരുന്നു. പൊതു – സ്വകാര്യ സ്വത്തുക്കൾക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടാകുകയോ ഹർത്താൽ കാരണം ഏതെങ്കിലും പൗരന്മാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രക്ഷോഭം നടത്തുന്ന പാർട്ടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗുവാഹത്തി പോലീസ് വ്യക്തമാക്കി.
ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയാണ് പൗരത്വ നിയമഭേദഗതി നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് വിജ്ഞാപനമിറക്കുക വഴി സാമൂഹിക ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെയാണ് കേന്ദ്രസർക്കാർ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങൾ തിങ്കളാഴ്ച പുറത്തിറക്കിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്‌ലിമിതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമഭേദഗതി 2019-ലാണ് പാർലമെന്റ് പാസാക്കിയത്. വിജ്ഞാപനമിറങ്ങിയതോടെ ചൊവ്വാഴ്ച മുതല്‍ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയും.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തില്‍നിന്ന് 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവര്‍ക്ക് അപേക്ഷിക്കാം. അതേസമയം കേന്ദ്രസർക്കാർ നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി. രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമായിട്ടുണ്ട്.