പൗരത്വ നിയമ ഭേദഗതി ഇലക്രടറല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; കേന്ദ്രത്തിന്‍റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം; 2019ല്‍ പാര്‍ലമെന്‍റ് പാസാക്കിയ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ മോദി സര്‍ക്കാർ നാല് വര്‍ഷവും മൂന്ന് മാസവും എടുത്തു, വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ ജയറാം രമേശ്


ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്‌തത്‌ ഇലക്‌ടറല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്രത്തിന്‍റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണ്. 2019ല്‍ പാര്‍ലമെന്‍റ് പാസാക്കിയ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ മോദി സര്‍ക്കാർ നാല് വര്‍ഷവും മൂന്ന് മാസവും എടുത്തെന്നും വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ ജയറാം രമേശ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യാനെടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്‌നമായ നുണകളുടെ നേര്‍സാക്ഷ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള തീരുമാനം ധ്രുവീകരണത്തിനു വേണ്ടി രൂപകല്‍പ്പന ചെയ്‌തിട്ടുള്ളതാണ്. ഇലക്‌ടറല്‍ ബോണ്ട് കുംഭകോണത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് സൃഷ്‌ടിച്ച പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള ശ്രമമായി ഇതിനെ കാണണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകിട്ടാണ് പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു. വിജ്ഞാപനപ്പ്രകാരം നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗ ക്കാർക്ക് പൗരത്വം ലഭിക്കും. പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്കാകും പൗരത്വം നല്‍കുക.

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്‌ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകു മെന്ന അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്ര സർക്കാരിന്‍റെ നിർണായക പ്രഖ്യാപനം പുറത്തുവരുന്നത്.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാന്‍ പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കും. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.


Read Previous

പൗരത്വ നിയമം തിരഞ്ഞെടുപ്പ് സ്‌റ്റണ്ടെന്ന് വിഡി സതീശൻ; വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് ചെന്നിത്തല

Read Next

പൗരത്വ നിയമ ഭേദഗതി;രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു; അസമില്‍ ഹര്‍ത്താല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »