
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ‘ഡല്‍ഹി ചലോ’ മാർച്ചുമായി കർഷകർ മുന്നോട്ട് പോകുന്നതിനിടെ തീവണ്ടി തടയാനൊരുങ്ങി പഞ്ചാബിലെ ഒരു വിഭാഗം കർഷക സംഘടനകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നും നാലിനും ഇടയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ട്രെയിൻ തടയാനാണ് തീരുമാനം. അതേസമയം, സമരത്തിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവർ ചർച്ചകൾക്കായി ചണ്ഡീഗഢിലെത്തും.
സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും പ്രതിനിധികളുമായി ബുധനാഴ്ച വൈകീട്ട് ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചർച്ചയുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. എന്നാൽ, വിഷയത്തിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന ആവശ്യം ഇതിനോടകം കർഷകർ ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പരിഹാരം കാണാത്തപക്ഷം ഡൽഹിയിൽ സമാധാമപരമായി പ്രതിഷേധിക്കാൻ അനുവദിക്കണം. ഇന്നത്തെ ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും സമരനേതാവായ സർവൻ സിങ് പാന്ദർ പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച പഞ്ചാബിൽനിന്ന് ട്രാക്ടറുകളിലും ട്രക്കുകളിലുമായി ‘ഡൽഹി ചലോ’ മാർച്ചിനു പുറപ്പെട്ട കർഷകർക്ക് ബുധനാഴ്ചയും ഹരിയാണ അതിർത്തി കടക്കാനായിരുന്നില്ല. ശംഭു, ഖനോരി അതിർത്തികളടച്ച് സമരക്കാരുടെ വഴിമുടക്കിയിരിക്കുകയാണ്. ഡൽഹി അതിർത്തികളിലെ ഗ്രാമീണപാതകളിലും ദേശീയപാതയിലേക്ക് പോകുന്ന ഇടറോഡുകളിലും ആഴത്തിലുള്ള കിടങ്ങുകളുണ്ടാക്കി. ബാരിക്കേഡുകൾ ഭേദിക്കാൻ ഒരുസംഘം ശ്രമിച്ചതോടെ ബുധനാഴ്ച രാവിലെമുതൽ കണ്ണീർവാതകപ്രയോഗമുണ്ടായി. പോലീസിനുനേരേയും കല്ലേറുനടന്നു.
ഹരിയാണ അതിർത്തിക്കപ്പുറത്ത് പഞ്ചാബിലേക്കു നീളുന്ന ദേശീയപാതയിലാണ് കർഷകർ ട്രാക്ടറുകളുമായി തമ്പടിച്ചിരിക്കുന്നത്. ഭക്ഷണവും സമരക്കാർതന്നെ തയ്യാറാക്കി വിതരണംചെയ്തു. ഹരിയാണയിലെ ഏഴ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്ചത്തേക്കു നീട്ടി.