ഡിജിറ്റല്‍ മേഖലയിലെ കിടമത്സരവും അന്യായ വ്യാപാരരീതികളും; പിഴശിക്ഷ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി, കേന്ദ്രം


ന്യൂഡല്‍ഹി: ഡിജിറ്റല്‍ മേഖലയില്‍ ഭീമന്മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികള്‍ തടയാനും ഡിജിറ്റല്‍ മത്സരനിയമം വരുന്നു. അന്യായ വ്യാപാരരീതികള്‍ പിന്തുടരുന്ന ഡിജിറ്റല്‍, ടെക് കമ്പനികള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബില്‍. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഡിജിറ്റല്‍ കോമ്പറ്റീഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്.

ഇ-കൊമേഴ്‌സ് മേഖലയിലെ ഗേറ്റ്കീപ്പര്‍ പ്ലാറ്റ്‌ഫോമുകളെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളും കരടിലുണ്ട്. സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും മന്ത്രാലയം ബില്‍ അന്തിമമാക്കുക.

2023 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ കോമ്പറ്റീഷന്‍ ലോ കമ്മിറ്റി രൂപവത്കരിച്ചത്. കോര്‍പ്പറേറ്റ് കാര്യ സെക്രട്ടറി മനോജ് ഗോവിലിന്റെ നേതൃത്വത്തിലാണ് സമിതി.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ ആരോഗ്യകരമായ മത്സരാധിഷ്ഠിതരീതിയെ ദോഷമായി ബാധിക്കാന്‍ സാധ്യതയും ശേഷിയുമുള്ള സ്ഥാപനങ്ങളെ സിസ്റ്റമാറ്റിക്കലി ഇമ്പോര്‍ട്ടന്റ് ഡിജിറ്റല്‍ ഇന്റര്‍മീഡിയറികള്‍ (എസ്.ഐ.ഡി.ഐ.) ആയി തരംതിരിക്കും. സ്ഥാപനത്തിന്റെ വരുമാനം, മാര്‍ക്കറ്റ് വിഹിതം, അന്തിമ ഉപയോക്താക്കളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്. വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ന്യായവും സുതാര്യവും മത്സരാധിഷ്ഠിതവുമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രത്യേക നടപടിക്രമങ്ങളുമുണ്ടാകും.


Read Previous

 നടി ഗൗതമി ബി.ജെ.പി.വിട്ട്, അണ്ണാ ഡി.എം.കെ.യിൽ ചേർന്നു

Read Next

മൃഗസംരക്ഷണ വകുപ്പിന്‍റെ അഭിമാനം; ഇൻ്റർനാഷണൽ ഓട്ട്സ്റ്റാൻഡിങ് അവാർഡ് നേടി ഡോ. ബിജു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »