ബസുകളുടെ മത്സര ഓട്ടം; തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്


കുഴല്‍മന്ദം (പാലക്കാട്): സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ, തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് പരിക്ക്. കിഴക്കഞ്ചേരി മൂലംകോട് പക്കിരിക്കുളമ്പ് ചേരാംപാടം വീട്ടില്‍ മുംതാജിനാണ് ഗുരുതര (49) പരിക്കേറ്റത്. മുംതാജിന്റെ ബന്ധു വടക്കഞ്ചേരി ഗ്രാമം തെന്നാമരം വീട്ടില്‍ ഷൈലയ്ക്കും മറ്റൊരു യാത്രികയ്ക്കും ബസിനുള്ളില്‍ വീണ് നിസ്സാര പരിക്കുണ്ട്.

ശനിയാഴ്ച രാവിലെ എട്ടരയോടെ ദേശീയപാത ചരപ്പറമ്പിന് സമീപമായിരുന്നു അപകടം. മുംതാജും ബന്ധുവായ ഷൈലയും വടക്കഞ്ചേരിയില്‍നിന്ന് പാലക്കാട്ടിലേക്ക് സെന്റ് ജോസ് ബസില്‍ കയറി. ചിതലിയില്‍നിന്ന് ഒരു യാത്രക്കാരി ബസ്സില്‍ കയറിയ ശേഷം വാതില്‍ അടച്ചിരുന്നില്ല. മറ്റൊരു ബസുമായി മത്സരിച്ച ബസ്സ് വെള്ളപ്പാറയ്ക്ക് സമീപം പെട്ടെന്ന് നിര്‍ത്താനായി ബ്രേക്ക് ചവിട്ടിയപ്പോള്‍ മുംതാജ് ബസില്‍ നിന്ന് റോഡിലേക്ക് തലയടിച്ചുവീഴുകയായിരുന്നു.

സംഭവം നടന്ന ശേഷം മുംതാജിനെ ആശുപത്രിയില്‍ എത്തിക്കാതെ വഴിയിയില്‍ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍ പാലക്കാട്ടേക്ക് പോയി. തലയ്ക്ക് പരിക്കേറ്റ മുംതാജിന് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ അതുവഴിവന്ന പെട്ടി ഓട്ടോയിലാണ് കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവത്തിനെതിരേ മുംതാജിന്റെ ബന്ധു മന്‍സൂര്‍ കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കി. ബസ് ഡ്രൈവര്‍ രാജീവിനെതിരെ കുഴല്‍മന്ദം പൊലീസ് കേസെടുത്തു. വീണ ഉടനേ എണീറ്റ മുംതാജ് കുഴപ്പമില്ല എന്നു പറഞ്ഞതിനാലാണ് ബസ് വിട്ടുപോയതെന്നാണ് ജീവനക്കാരുടെ ന്യായവാദം. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കാതിരുന്നതിനെതിരേ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.


Read Previous

ഷെര്‍ലകിനു ആശ്വാസമായി’ മുന്‍ പ്രവാസി സാമൂഹക പ്രവര്‍ത്തകയുടെ ഇടപെടല്‍

Read Next

ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »