റിയാദ് : കഴിഞ്ഞ റമദാനില്‍ കിംഗ് ഖാലിദ് ഫൗണ്ടേഷന്റെ കീഴിലുള്ള കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്ററും ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ മുസാബഖ റമദാന്‍ മെഗാ കോണ്ടസ്റ്റ്-23 വിജയികളെ പ്രഖ്യാപിച്ചു.

സൗദീ അറേബ്യയിലെ 21 ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളില്‍ നിന്നും പുറത്തു നിന്നു മായി 700 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മുസാബഖയില്‍ 177 പേര്‍ നൂറുശതമാനം മാര്‍ക്കു വാങ്ങി മുന്നിലെത്തിയിരുന്നു. അവരില്‍ നിന്ന് ആദ്യ മൂന്നു സ്ഥാനക്കാരേയും ആറ് പ്രോത്സാഹന സമ്മാന വിജയികളേയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെ ടുത്തത്.

റഹീല ഷറഫുദ്ദീന്‍, ജിദ്ദ ഒന്നാം സമ്മാനവും മുഹമ്മദ് റാഫി പി.ടി, റിയാദ് രണ്ടാം സ്ഥാനവും മുഹമ്മദ് ഹാഫിദ് എം.എം, റിയാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഫീദ മുസ്തഫ, റിയാദ്, അലവി മുഹമ്മദ് റഫീഖ് അല്‍ഹസ, ബഷീര്‍ നുറുകണ്ടന്‍ റിയാദ്, സാജിദ ഹസ്ബുല്ല അല്‍ഖര്‍ജ്, ഷാലിമ കറളിക്കാട്ടില്‍ അല്‍ഖോബാര്‍, ഗൗസിയ ഷഹീന്‍ റിയാദ് എന്നിവരാണ് പ്രോത്സാഹന സമ്മാന വിജയികള്‍.
കിംഗ് ഖാലിദ് ഇസ്‌ലാമിക് ഗൈഡന്‍സ് സെന്റര്‍ ആസ്ഥാനത്തു വെച്ചു നടന്ന പ്രത്യേക പരിപാടിയില്‍ ശൈഖ് ഇബ്രാഹീം നാസര്‍ അല്‍ സര്‍ഹാന്‍ (ഡയറക്ടര്‍, കിംഗ് ഖാലിദ് ഇസ്ലാമിക് സെന്റര്‍ ദഅ്‌വ വിഭാഗം), അഹ്‌മദ് അനസ് മൗലവി എന്നിവര്‍ നറുക്കെടുപ്പ് നടത്തി. എം.എം. അക്ബര്‍ (ഡയറക്ടര്‍, നിച് ഓഫ് ട്രൂത്ത്) വിജയികളെ പ്രഖ്യാപിച്ചു. മുസാബഖ കോഡിനേറ്റര്‍ മുജീബ് അലി നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റി പ്രതിനിധികളായ അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു.
മാനവ സമൂഹത്തിന്റെ സര്‍വതോന്മുഖ നന്മകളെ ലക്ഷ്യമിടുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്നും, അത് നല്‍കുന്ന സന്ദേശങ്ങള്‍ ലോകത്തെ സന്മാര്‍ഗ്ഗത്തിലൂടെ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമെന്നും ശൈഖ് ഇബ്രാഹീം നാസര്‍ അല്‍ സര്‍ഹാന്‍ പ്രസ്താവിച്ചു. നിശിതമായ വിമര്‍ശനങ്ങളേയും ആരോപണങ്ങളേയും അതിജയിച്ച് നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഖുര്‍ആന്‍, മനുഷ്യ ധിഷണയെ പഠന മനനങ്ങള്‍ക്ക് ഉദ്ദീപിപ്പിക്കകുയം, പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വത്തേയും ആരാധ്യതയേയും പാരത്രിക ജീവിതത്തിന്റെ സംഭവ്യതയേയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് എം. എം അക്ബര്‍ പ്രസ്താവിച്ചു.
ഒരു പതിറ്റാണ്ടിലധികമായി നടന്നു വരുന്ന ഖുര്‍ആന്‍ മുസാബഖ ഈ വര്‍ഷം ഓണ്‍ ലൈന്‍ വഴിയാണ് സംഘടിപ്പിക്കപ്പെട്ടത്. മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുള്ള സൂറത്ത് അല്‍കഹ്ഫാണ് മത്സര ത്തിനുള്ള പാഠഭാഗമായി തെരഞ്ഞടുത്തത്.
പാഠഭാഗത്തിന്റെയും അതില്‍ നിന്നുള്ള 50 ചോദ്യങ്ങളുടെയും പി.ഡി.എഫ് കോപ്പികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്‍കൂട്ടി വിതരണം ചെയ്യുകയും ഗൂഗ്ള്‍ ഫോം വഴി പരീക്ഷ നടത്തുകയുമായിരുന്നു. സൗദിയിലെ മലയാളികള്‍ ഖുര്‍ആന്‍ മുസാബഖയെ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചതും അതില്‍ പങ്കെടുത്തതും.
സൗദിക്ക് വെളിയിലുുള്ളവരും മുസാബഖയില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, സൗദിയില്‍ ഇഖാമയോടെ താമസിക്കുന്ന ആളുകളില്‍ മാത്രം മത്സരം പരിമതിപ്പെടുത്തുകയായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങളോടെ അന്തര്‍ദേശീയമായി ഖുര്‍ആന്‍ വിജ്ഞാന മത്സരം നത്താനുള്ള ആസൂത്രണങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.