തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ കേരളത്തില്‍ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രചാരണത്തിന്റെ ആദ്യഘട്ടമായി കോഴിക്കോട് സംവാദം സംഘടി പ്പിക്കും. സമാന മനസ്‌കരെ പരിപാടിയിലേക്ക് ക്ഷണിക്കാനും ധാരണയായി. വിഷയ ത്തില്‍ കോണ്‍ഗ്രസ് മൗനം തുടരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് പുതിയ തീരുമാനങ്ങള്‍.

രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം നിലവി ലില്ലെന്ന് കെപിസിസി യോഗം വിലയിരുത്തി. രാജ്യതാത്പര്യത്തിനു വിരുദ്ധമായി അവ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രമേയം യോഗം അവതരിപ്പിച്ചു. പൊതുതിര ഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപി ഏക സിവില്‍ കോഡ് നടപ്പാക്കുന്നത്. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമമെന്നും യോഗം വിലയിരുത്തി.
ഏക സിവില്‍ കോഡ് വിഷയത്തില്‍ ആദ്യ ദിവസങ്ങളില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ കരട് രേഖ പുറത്തിറങ്ങിയ ശേഷം നിലപാട് അറിയിക്കാമെന്നായി പ്രതികരണം. മുസ്ലിം ലീഗും സിപിഎമ്മും സിവില്‍ കോഡിനെതിരെ പ്രചാരണം തുടങ്ങുമെന്ന് അറിയിച്ച പിന്നാലെയാണ് കോണ്‍ഗ്രസും സമരത്തിന് ഇറങ്ങുന്നത്.
അതേസമയം, തലസ്ഥാന മാറ്റം സംബന്ധിച്ച ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ തിരെ കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബില്‍ അനവസരത്തിലായി എന്ന് ആക്ടിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
നേതാക്കള്‍ക്കെതിരായ കേസുകള്‍ ഉള്‍പ്പെടെ ചര്‍ച്ചയായ യോഗത്തില്‍ പാര്‍ട്ടിയിലെ ഐക്യത്തിന് ഊന്നല്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രീതിയില്‍ പുനഃസംഘടനയുമായി മുന്നോട്ടുപോയാല്‍ ഐക്യം തകരുമെന്നും തിരഞ്ഞെടുപ്പ് രീതി മാറ്റണമെന്നും എ ഗ്രൂപ്പ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എഗ്രൂപ്പിന് വേണ്ടി കെ സി ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരാണ് സംസാരിച്ചത്.