ന്യൂഡൽഹി: ലോക്സഭയിൽ ഭരണഘടനയുടെ കോപ്പികൾ ഉയർത്തിപ്പിടിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ. പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തി ന്റെ തുടക്കദിവസം രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഭരണ ഘടനയുടെ കോപ്പികളുമായാണ് പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടി എഴുന്നേറ്റപ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യ സഖ്യനേതാക്കൾ ഭരണഘടനയുടെ കോപ്പികൾ ഉയർത്തി കാണിച്ചു.

തിങ്കളാഴ്ച വൈകീട്ടായിരുന്നു കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ സത്യ പ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കർ ഭർതൃഹരി സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം അംഗങ്ങളും മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കാസർക്കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ദൈവനാമത്തിൽ സത്യപ്ര തിജ്ഞ ചെയ്ത് ആരംഭിച്ചു.
പിന്നാലെ കണ്ണൂർ എംപി കെ സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുള്ള ഏക സിപിഎം അംഗം കെ രാധാകൃഷ്ണനും മലയാളത്തെ പാർലമെന്റിൽ അടയാളപ്പെടുത്തിയായിരുന്നു സത്യവാചകം ചൊല്ലിയത്. വടകര എംപി ഷാഫി പറമ്പിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷിൽ ദൃഢപ്രതിജ്ഞ ചെയ്തു. എൻ കെ പ്രേമചന്ദ്രനും ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്. ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്ഠൻ, കെ സി വേണുഗോപാൽ തുടങ്ങിയവർ ഭരണഘടന ഉയർത്തിപ്പിടിച്ചാ യിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
എറണാകുളം എംപി ഹൈബി ഈഡന്റെ സത്യപ്രതിജ്ഞ ഹിന്ദിയിലായിരുന്നു. തിരുവനന്തപുരം എംപി ശശി തരൂർ സ്ഥലത്തില്ലാത്തതിനാൽ മറ്റൊരു ദിവസം സത്യ പ്രതിജ്ഞ ചെയ്യും. പ്രോ ടെം പാനലിൽ സത്യപ്രതിജ്ഞ ചെയ്യാനില്ലെന്ന് രാവിലെത്തന്നെ വ്യക്തമാക്കിയ കൊടിക്കുന്നിൽ സുരേഷ് വൈകീട്ട് കേരളത്തിൽ നിന്നുള്ള മറ്റ് എംപി മാർക്കൊപ്പമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇന്ത്യ സഖ്യം പിൻമാറുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടെം സ്പീക്കറാ ക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു തീരുമാനം.
സമ്മേളത്തിന്റെ തുടക്കത്തിൽ തന്നെ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രോ ടേം സ്പീക്കർ വ്യക്തമാക്കി.