
ന്യൂഡല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഒന്നാം ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടിരൂപ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ച മൊത്തം തുകയുടെ 15 ശതമാനം ആണിത്. ഈ കാലയളവില്‍ വിവിധ പ്രീ പോള്‍ സര്‍വേകള്‍ക്കായി 40 കോടി രൂപയും കോണ്‍ഗ്രസ് ചെലവഴിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംഭാവനകള്‍ ഉള്‍പ്പടെ വിവിധ സ്രോതസ്സുകളില്‍നിന്ന് 2022-23 സാമ്പത്തികവര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത് 452 കോടി രൂപയാണ്. അതേസമയം 2021 -22 സാമ്പത്തികവര്‍ഷം 541 കോടി രൂപ ലഭിച്ചിരുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന പണം കുറയുകയാണെങ്കിലും, ചെലവില്‍ വര്‍ധനവാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ചെലവ് 467 കോടി രൂപയാണ്. ഇതിന് തൊട്ട് മുന്‍പത്തെ വര്‍ഷം ചെലവ് 400 കോടി രൂപയായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 192.5 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷം പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് 279.5 കോടി രൂപയും. എന്നാല്‍ ഈ കാലയളവില്‍ പ്രീ പോള്‍ സര്‍വേകള്‍ക്കായി പാര്‍ട്ടി വന്‍തോതില്‍ പണം ചെലവഴിക്കുന്നു എന്നാണ് കണക്കുകളില്‍നിന്ന് വ്യക്തമാക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം പ്രീ പോള്‍ സര്‍വേകള്‍ക്കായി കോണ്‍ഗ്രസ് ചെലവഴിച്ചത് വെറും 23 ലക്ഷം രൂപ ആയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 40 കോടി ആയി ഉയര്‍ന്നു.
ഇലക്ടറല്‍ ബോണ്ടിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത് 171 കോടി രൂപയാണ്. തൊട്ട് മുമ്പത്തെ വര്‍ഷം ലഭിച്ചത് 236 കോടി രൂപയും.