ന്യൂഡൽഹി: വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ദീർഘകാലാടിസ്ഥാനത്തിലുള്ള രാജ്യവ്യാപക പ്രചാരണം ആരംഭിക്കുകയാണ് കോൺഗ്രസ്. അതുകൂടാതെ ഭാവിയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ സസൂക്ഷ്‌മം നിരീക്ഷിക്കാനും മുൻകാല തെരഞ്ഞെടുപ്പുകൾ അവലോകനം ചെയ്യാനും പദ്ധതിയുണ്ട്. ദിഗ്‌വിജയ് സിങ്, അഭിഷേക് സിങ്‌വി, അജയ് മാക്കൻ, പവൻ ഖേര, ഗുർദീപ് സപ്പൽ, നിതിൻ റൗട്ട്, പ്രവീൺ ചക്രവർത്തി, വംശി ചന്ദ് റെഡ്ഡി എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളുടെ ഒരു പ്രത്യേക സംഘമായിരിക്കും ഈ കാര്യങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത്.
എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് ഓഫ് ലീഡേഴ്‌സ് ആൻഡ് എക്‌സ്‌പെർട്ട്‌സ് (ഈഗിൾ) എന്നാകും ഇവർ അറിയപ്പെടുക. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തരത്തിനൊത്ത ഒരു കളിക്കളത്തിന്‍റെ അഭാവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ച ആശങ്കകളിൽ നിന്നാണ് ഈ തീരുമാനം ഉടലെടുത്തത്.
2024 ൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലെ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന വിഷയം പാനൽ പരിഗണിക്കുകയും കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് ഈഗിൾ സംഘം മുൻകാല സംസ്ഥാന തെരഞ്ഞെടുപ്പുകളടക്കം വിശകലനം ചെയ്യുകയും ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ സജീവമായ പങ്ക് വഹിക്കുകയും ചെയ്യും.
ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന നിർണായകമായ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസ ങ്ങൾക്ക് മുമ്പാണ് ഈ നീക്കം. ബിഹാറിൽ തെരഞ്ഞെടുപ്പ് വർഷാവസാനം നടക്കും, അതേസമയം കേരളത്തിൽ 2026 ൽ ആകും തെരഞ്ഞെടുപ്പ് നടക്കുക. രാഹുൽ അടുത്തിടെ പട്‌നയിൽ വച്ച് ബിഹാറിലെ കോൺഗ്രസ് യൂണിറ്റുമായും സഖ്യകക്ഷിയായ ആർജെഡിയുമായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെപ്പറ്റി ചർച്ച നടത്തിയിരുന്നു. ഫെബ്രുവരി 1 ന് നടന്ന കേന്ദ്ര ബജറ്റിൽ ബിഹാറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചതിന് കോൺഗ്രസ് കേന്ദ്രത്തെ വിമർശിക്കുന്നുണ്ട്.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാർ റൂമിലുണ്ടായിരുന്ന വംശി റെഡ്ഡി ഈഗിൾ അംഗമാണ്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി-എസ്‌പി എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യമായ എംവിഎ, ഇവിഎമ്മുകളിൽ വന്‍ തോതിൽ ‘തട്ടിപ്പ്’ നടത്തി ജനങ്ങളുടെ വിധി ‘കവർന്നു’ എന്ന ആരോപണം ഉന്നയിച്ചിരുന്നു.
288 സീറ്റുകളിൽ 150 ലും വിജയിച്ച് അധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച എംവിഎ വെറും 56 ആയി ചുരുങ്ങി. ഭരണകക്ഷിയായ ബിജെപി-എൻസിപി-ശിവസേന മഹായുതി സഖ്യം 230 സീറ്റുകൾ നേടി. വോട്ടെടുപ്പിലെ പരാജയത്തിൽ കോൺഗ്രസ് ഫലം തള്ളുകയും ഇവിഎമ്മുകൾക്കെ തിരെ രാജ്യവ്യാപകമായ ഒരു പ്രസ്ഥാനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.
എന്നാൽ ഇവിഎമ്മുകളുടെ പങ്കിനെക്കാൾ ഇസിയുടെ നിഷ്‌പക്ഷതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേ ണ്ടതെന്ന് നേതാക്കൾ പിന്നീട് മനസിലാക്കി. എല്ലാ സൂചകങ്ങളും വിജയസാധ്യത പ്രവചിച്ചിട്ടും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടതിന് ശേഷവും കോൺഗ്രസ് നേതൃത്വം ഇതേ ആരോപണങ്ങളാണ് ഉന്നയിച്ചത്.
2024 ലെ ദേശീയ തെരഞ്ഞെടുപ്പിനും മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനും സംസ്ഥാന ത്തുണ്ടായ ഏകദേശം 40 ലക്ഷം വോട്ടുകളുടെ വർധനവ് കോൺഗ്രസ് ചോദ്യം ചെയ്യുകയും സൂക്ഷ്‌മ പരിശോധനയ്ക്കായി വിശദമായ വോട്ടർ പട്ടിക നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ഈ അഭ്യർഥന പോൾ പാനൽ നിരസിച്ചു.
“തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം. പ്രതിപക്ഷത്തിന്‍റെ സാധുവായ ആശങ്ക കളും പരാതികളും കേൾക്കുകയും അത് തുല്യ നിലയിൽ പരിഹരിക്കുകയും വേണം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്, വോട്ടർമാരുടെ മനസിൽ വോട്ടെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ പോൾ പാനൽ അവ ദുരീകരിക്കണം. പ്രതിപക്ഷ ത്തിന്‍റെ അപേക്ഷകൾ നിരസിക്കുന്നതുകൊണ്ട് കാര്യവുമില്ല,” മഹാരാഷ്‌ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
മറ്റൊരു ഈഗിൾ അംഗം ദിഗ്‌വിജയ് സിങ് മുന്‍ വർഷങ്ങളിൽ ഇവിഎമ്മുകൾക്കെതിരെ പ്രചാരണം നടത്തിയിരുന്നു. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതേ ആവശ്യവുമായി നിരവധി ഇന്ത്യാ സഖ്യ പാർട്ടികളെ സിങ് അണിനിരത്തിയിരുന്നു. കൂടാതെ ഇവിഎം വോട്ടുകൾ പേപ്പർ സ്ലിപ്പുകളുമായി 100 ശതമാനം പൊരുത്തപ്പെടുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഒരു കൂടിക്കാഴ്‌ച നടത്താനും ശ്രമിച്ചിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിഎമ്മുകളെ പിന്താങ്ങിയതിനാൽ അത് വിഫലമായി.