ഇസ്രായേൽ ആക്രമണം തുടരുന്നത് അന്താരാഷ്ട്ര സുരക്ഷക്ക് ഗുരുതരമായ ഭീഷണി, ബ്രിക്‌സ് പ്ലസ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി


റിയാദ്: ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് അന്താരാഷ്ട്ര സുരക്ഷക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. റഷ്യയിലെ കസാനിൽ ബ്രിക്‌സ് പ്ലസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള തലത്തിൽ സംഘർഷങ്ങളും പിരിമുറുക്കങ്ങളും വർധിക്കുന്നതിൽ സൗദി അറേബ്യക്ക് ആശങ്കയുണ്ട്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ട ഒരു സമയത്ത്, സംഘർഷം മൂർഛിക്കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഒപ്പം ധ്രുവീകരണവും വർധിച്ചുവരുന്നു. ഇത് ബഹുമുഖ ഫോറങ്ങളുടെ വഴക്കവും ഫലപ്രാപ്തിയും ദുർബലമാക്കുന്നു.

ലെബനോനിലേക്ക് വ്യാപിച്ച സംഘർഷം കൂടുതൽ മൂർഛിക്കുന്നതിനെതിരെ സൗദി വിദേശ മന്ത്രി മുന്നറിയിപ്പ് നൽകി. സംഘർഷം തുടരുന്നത് മേഖലയിൽ സ്ഥിതിഗതി കൾ കൂടുതൽ വഷളാകാൻ ഇടയാക്കും.

ഉടനടി വെടിനിർത്തൽ നടപ്പാക്കുകയും തടസ്സമില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കുകയും ബന്ദികളെ വിട്ടയക്കുകയും സമാധാനം കൈവരിക്കാൻ ഗൗരവമായ പ്രതിബദ്ധത പ്രകടിപ്പിക്കുകയും വേണം. എല്ലാ രാജ്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതി നെ സൗദി അറേബ്യ പിന്തുണക്കുന്നു.

മേഖലയിൽ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ സൗദി അറേബ്യ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാൻ സൗദി അറേബ്യ മുൻകൈയെടുത്ത് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് കഴിഞ്ഞ മാസം അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചു. ഫലസ്തീനികൾക്ക് സ്വയംനിർണയാവകാശം നൽകുക എന്നതാണ് മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ഏക മാർഗം.

ഫലസ്തീൻ പ്രശ്‌നത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ ഐക്യദാർഢ്യത്തെ സൗദി അറേബ്യ വിലമതിക്കുന്നു. 1967-ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള പരിഹാരത്തെ ബ്രിക്‌സ് ഗ്രൂപ്പ് പിന്തുണക്കുന്നതിനെ അഭിനന്ദിക്കുന്നു.

സൗദി അറേബ്യയും ബ്രിക്‌സ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കരുത്താർജിച്ചു വരികയാണ്. 2023-ൽ സൗദി അറേബ്യയും ബ്രിക്‌സ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 196 ബില്യൺ ഡോളർ കവിഞ്ഞു. സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരത്തി ന്റെ 37 ശതമാനമാണിത്.

ആഗോള വെല്ലുവിളികൾ നേരിടാൻ ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരണം ശക്ത മാക്കാനും സുസ്ഥിര വളർച്ചക്ക് പിന്തുണ നൽകാനുമുള്ള അവസരമാണ് ഉച്ചകോടി. ആഗോള തലത്തിൽ വികസനവും അഭിവൃദ്ധിയും കൈവരിക്കാൻ ബ്രിക്‌സ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നതും സർവ മേഖലകളിലും സഹകരണം വികസിപ്പിക്കുന്നതും സൗദി അറേബ്യ തുടരുമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.


Read Previous

അഞ്ച് തവണ തുടർച്ചയായി മുഖത്ത് അടിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് യുവതിയുടെ മർദനം, പരാതി

Read Next

തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »