
ദുബൈ: കാലാവസ്ഥാവ്യതിയാനം ലോകത്താകമാനം ചരിത്ര പൈതൃകകേന്ദ്രങ്ങളെ അപകടാവസ്ഥയിലാക്കിയ സാഹചര്യത്തിൽ സാംസ്കാരിക മേഖലയിൽ ആഗോള കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് യു.എ.ഇ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സാലിം ബിൻ ഖാലിദ് അൽ ഖാസിമി. ഉത്തർപ്രദേശിലെ വാരാണസിയിൽ ജി20 രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ യു.എ.ഇ വളരെ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും നവംബറിൽ രാജ്യത്ത് നടക്കാനിരിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) വിഷയം വിപുലമായി ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിന് ശേഷം വിവിധ ലോകരാജ്യങ്ങളിലെ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കേന്ദ്ര നിയമ, നീതിന്യായ, സാംസ്കാരിക വകുപ്പ് സഹമന്ത്രി അർജുൻ റാം മെഗ്വാളുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാവുന്ന വിവിധ മേഖലകൾ ചർച്ചയായി.