
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുധാരണയുണ്ടാക്കാൻ സംസ്ഥാന സി.പി.എം.-കോൺഗ്രസ് നേതൃത്വങ്ങൾ വ്യാഴാഴ്ച ചർച്ചനടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുമായി സി.പി.എം. സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം മുർഷിദാബാദിലെത്തിയെങ്കിലും കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായി കൂടിക്കാഴ്ചനടത്താൻ കഴിഞ്ഞില്ല. ചർച്ച പിന്നീട് കൊൽക്കത്തയിൽ നടക്കുമെന്ന് സലീം അറിയിച്ചു.
താനും അധീർ ചൗധരിയും വ്യാഴാഴ്ച ബെഹ്റാംപുരിൽ കാണുമെന്നും സീറ്റുവിഭജനം ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്നും സലീം ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. സി.പി.എം. മുർഷിദാബാദ് ജില്ലാകമ്മിറ്റി യോഗത്തിനുശേഷം അധീറിനെ കാണാനായിരുന്നു സലീം തീരുമാനിച്ചിരുന്നത്. എന്നാൽ, ചർച്ചയുടെ ദിവസമോ സമയമോ പരസ്പരം സംസാരിച്ച് തീരുമാനിച്ചിരുന്നില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇതുകൊണ്ടുതന്നെ മുൻനിശ്ചയിച്ച പരിപാടികളുമായി അധീറിന് മുന്നോട്ടുപോകേണ്ടിവന്നെന്നും ചർച്ചയ്ക്ക് സമയം കണ്ടെത്താനായില്ലെന്നുമാണ് കോൺഗ്രസിന്റെ വാദം.
എന്നാൽ, മുൻകൂട്ടി നിശ്ചയിക്കാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതെങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട്. ചർച്ചയ്ക്കുള്ള മുന്നൊരുക്കത്തിന് അല്പംകൂടി സമയം കിട്ടാനായാണ് അധീർ വ്യാഴാഴ്ച ചർച്ച വേണ്ടെന്നുവെച്ചതെന്ന് ഒരു വാദമുണ്ട്. അവകാശവാദമുന്നയിക്കേണ്ടതും വിട്ടുകൊടുക്കേണ്ടതുമായ മണ്ഡലങ്ങളെക്കുറിച്ച് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സലീം ചർച്ചയ്ക്കെത്തിയത്. ഇത്തരത്തിൽ ഒരു തയ്യാറെടുപ്പ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയവൃത്തങ്ങളിൽ സംസാരമുണ്ട്.
അതേസമയം, മുഴുവൻ ദിവസവും താൻ ജില്ലാകമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട ചർച്ചകളിലായതുകൊണ്ടും അധീറിന് മറ്റുപരിപാടികൾക്കിടെ സമയം കിട്ടാഞ്ഞതുകൊണ്ടും ചർച്ച നടന്നില്ലെന്നാണ് മുഹമ്മദ് സലീമിന്റെ വിശദീകരണം. ചർച്ചനടക്കാത്ത സാഹചര്യത്തിൽ സലീം തീവണ്ടി മാർഗം കൊൽക്കത്തയിലേക്ക് മടങ്ങി. ചർച്ച ഇനി കൊൽക്കത്തയിൽ നടക്കുമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ല.