തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പിന്തുണച്ച് സിപിഎം. പണം നല്‍കിയ കമ്പനിക്ക് പോലും പരാതി യില്ലാത്ത വിഷയമാണിതെന്നും ബാങ്കുകളില്‍ നടത്തിയ ഇടപാടിന് വ്യക്തമായ കണക്കുണ്ടെന്നുമാണ് പാര്‍ട്ടിയുടെ ന്യായീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടി യായി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ രേഖയിലാണ് വീണ വിജയനെ പാര്‍ട്ടി ന്യായീകരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഭാഗത്താണ് വീണ വിജയന്റെ കേസിനെക്കുറിച്ച് പറയുന്നത്. വീണയുടേയോ, എക്‌സാലോജിക്കിന് പണം നല്‍കിയ സിഎംആര്‍എല്‍ കമ്പനിയുടെയോ പേര് പരാമര്‍ശിക്കാതെയാണ് പാര്‍ട്ടിയുടെ ന്യായീകരണം.
ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി രേഖയിലൂടെ കീഴ്ഘടകങ്ങളില്‍ വിശദീകരിക്കുന്നത് പതിവില്ലാത്ത കാര്യമാണ്. നേരത്തെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയപ്പോള്‍ കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.

അതേസമയം മാസപ്പടി കേസിലുള്ള എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ജസ്റ്റിസ് എം. നാഗ പ്രസന്നയുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.