ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
നീലേശ്വരം (കാസർകോട്): സ്വന്തം പറമ്പിൽനിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ് (70) സി.പി.എം. പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങിൽ കയറുന്നത് തടഞ്ഞ സംഘം കത്തി പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം. പ്രവർത്തകരുൾപ്പെടെ ഏഴുപേർക്കെതിരേ രാധ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ക്ക് പരാതി നൽകി. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശത്ത് പ്രശ്നം നിലവിലുണ്ട്. സമീപന റോഡ് നിർമാണത്തിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ രാധ തൊഴിലാളിയുമായെത്തി തേങ്ങയിടാൻ ശ്രമിച്ചത് പ്രദേശത്തെ സി.പി.എം. പ്രവർത്തകർ തടഞ്ഞത്.
പ്രചാരണം വസ്തുതാവിരുദ്ധമെന്ന് സി.പി.എം.
പാലായിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം. പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. പാലായിയിലെയും പരിസര പ്രദേശങ്ങളിലെയും പറമ്പുകളിൽ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമേനിന്ന് തൊഴിലാളികൾ വന്നത് നാട്ടിലെ തൊഴിലാളികൾ തടഞ്ഞു. ചോദ്യംചെയ്ത തൊഴിലാളികളെ അസഭ്യം പറഞ്ഞു. ആ ഘട്ടത്തിലാണ് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമുണ്ടായത്.
പാലായി ഷട്ടർ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുമ്പോൾ അതിന് തുരങ്കം വെക്കാൻ 2012 മുതൽ നാട്ടുകാർക്കെതിരേ കള്ളക്കേസുകൾ നൽകി വികസനത്തിന് തടസ്സം നിൽക്കുകയാണ് കുടുംബം. കേസുകൾ കോടതി തള്ളിയതോടെയാണ് വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്-ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. മനോഹരൻ പറഞ്ഞു.