സംസ്ഥാന രാഷ്ട്രീയത്തിൽ തലപ്പൊക്കമുള്ള സിപിഎം ഇടതുമുന്നണി കൺവീനർമാര്‍; രാഷ്ട്രീയ വനവാസത്തിലാകുന്ന ഇടതു കണ്‍വീനര്‍മാര്‍; കുഞ്ഞിക്കണ്ണന്‍ മുതല്‍ ഇപിവരെ


തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ തലപ്പൊക്കമുള്ള സിപിഎം നേതാക്കളാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിട്ടുള്ളത്. ആന്റണി കോൺഗ്രസിനേയും സിപിഐയേയും കൂട്ടി സിപിഎം 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചപ്പോൾ ഘടകകക്ഷികൾക്കും സിപിഎമ്മിനും സർവ്വസമ്മതനായ ഒരാളെ കണ്ടെത്തി മുന്നണി കൺവീനറാക്കാൻ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ നറുക്ക് വീണത് കണ്ണൂരിൽ നിന്നുള്ള സിപിഎം നേതാവ് പി.വി.കുഞ്ഞിക്കണ്ണനായിരുന്നു.

എല്ലാ കക്ഷികളേയും കൂട്ടികൊണ്ടു നടക്കാൻ അനിതരസാധാരണമായ മെയ് വഴക്കവും ആജ്ഞാശക്തിയും പ്രകടിപ്പിക്കാൻ കഴിവുള്ള ആളായിരുന്നു കുഞ്ഞി ക്കണ്ണൻ. 1981ൽ മുന്നണി പൊളിച്ച് എ.കെ. ആന്റണിയും കൂട്ടരും കോൺഗ്രസ് പാളയത്തിലേക്ക് പോയപ്പോൾ സിപിഎമ്മിനെ പഴി പറഞ്ഞതല്ലാതെ കൺവീനറെ ക്കുറിച്ച് അവർക്ക് വലിയ മതിപ്പായിരുന്നു. 1977ലും 82ലും നിയമസഭാംഗമായ പി.വി. സിപിഎം സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.

1985ൽ സിപിഎമ്മിൽ ഉരുണ്ടുകൂടിയ ബദൽരേഖാ വിവാദകാലത്ത് എം.വി. രാഘവനൊപ്പം നിന്നതിന്‍റെ പേരിൽ 1986 ജനുവരി 13ന് കുഞ്ഞിക്കണ്ണനേയും എംവിആറിനേയും പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തെ സസ്പെൻഷനാണ് അദ്ദേഹത്തിന് വിധിച്ചത്. പിന്നീട് രാഷ്ടീയം തന്നെ ഉപേക്ഷിച്ച് വീട്ടിൽ ഒതുങ്ങി കൂടി. 1987ൽ എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ മകളോടൊപ്പം വോട്ടു ചെയ്യാനെത്തിയ പി.വി.കുഞ്ഞിക്കണ്ണനോട് സിഐടിയുക്കാർ അപമര്യാദയായി പെരുമാറിയ സംഭവം ‘എം.വി.രാഘവൻ ഒരുജന്മം’ എന്ന തൻ്റെ ആത്മകഥയിൽ എംവിആർ വേദനയോടെ എഴുതിയിട്ടുണ്ട്.

ഇന്നലെ വരെ സ്വന്തം നേതാവായിരുന്ന പി.വിയോട് “കെളവന് നല്ല ചരക്കിനെ കിട്ടിയല്ലോ” എന്നായിരുന്നു ഒരു സിഐടിയുക്കാരന്‍റെ കമന്റ്. ഇത് മരണം വരെ അദ്ദേഹത്തെ വേട്ടയാടിയിരുന്നു എന്നാണ് എംവിആർ പറയുന്നു. പാർട്ടിയുടെ ഉന്നത നേതൃത്വത്തിലായിരുന്ന അദ്ദേഹം പാർട്ടി കല്പിച്ചു നല്‍കിയ ശിക്ഷ ഏറ്റുവാങ്ങി പരിഭവങ്ങളില്ലാതെ വീട്ടിലൊതുങ്ങി. 1999 ഏപ്രിൽ 9ന് ലോകത്തോട് വിട പറഞ്ഞു.

പി.വി.കുഞ്ഞിക്കണ്ണനെ കൺവീനർ സ്ഥാനത്ത് നിന്ന് 1986ൽ പുറത്താക്കുമ്പോൾ ആ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിച്ചത് എം.എം.ലോറൻസിനെ ആയിരുന്നു. കേന്ദ്രകമ്മറ്റി അംഗവും തൊഴിലാളി രംഗത്ത് ദീർഘകാല പരിചയവും ഉണ്ടായിരുന്ന ലോറൻസിനും കുഞ്ഞിക്കണ്ണന്‍റെ അതേ ഗതിയാണ് പിന്നീട് ഉണ്ടായത്. പാർട്ടിയിലെ ഉൾപ്പോരിൽ സിഐടിയു പക്ഷത്തുനിന്ന ലോറൻസ് ഒരേസമയം കെ ആർ.ഗൗരിയമ്മ യുടേയും വി.എസ്.അച്യുതാനന്ദന്‍റെയും ‘നോട്ടപ്പുള്ളി’ ആയിരുന്നു.

തൊണ്ണൂറുകളുടെ മധ്യത്തിൽ സിപിഎമ്മിനുള്ളിൽ വിഭാഗീയത കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് എം.എം.ലോറൻസിന്‍റെയും കെ.എൻ.രവീന്ദ്രനാഥിന്‍റെയും നേതൃത്വത്തിൽ സിഐടിയു ലോബിയും വിഎസിന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും തമ്മിൽ തുറന്ന പോരിലായിരുന്നു. ഇക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ‘സേവ് സിപിഎം ഫോറ’ത്തിന്‍റെ ലഘുലേഖകളുടെ പേരിൽ 1998ൽ ലോറൻസിനെ കേന്ദ്രകമ്മറ്റിയിൽ നിന്ന് ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. ഒപ്പം കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കി.

വി.എസ്.അച്യുതാനന്ദന്‍റെ 1996ലെ മാരാരിക്കുളത്തെ തോൽവിയുടെ പേരിൽ സിഐടിയു നേതാക്കളത്രയും ഏതുനേരത്തും പാർട്ടി നടപടി നേരിടുമെന്ന അവസ്ഥ ഉണ്ടായിരുന്നു. 1998ൽ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് എം.എം. ലോറൻസ്, കെ.എൻ.രവീന്ദ്രനാഥ്, ഐ.വി.ദാസ് , വി.ബി ചെറിയാൻ തുടങ്ങിയവരെ സംസ്ഥാന സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചു.

12 വർഷം കൺവീനർ സ്ഥാനത്തു തലയെടുപ്പോടെ നിന്ന ലോറൻസ് സഖാവിന്‍റെ കൺവീനർ സ്ഥാനത്തു നിന്നുള്ള പടിയിറക്കവും അങ്ങനെ പൂർത്തിയായി. പാർട്ടി യുടെ പരമോന്നത കമ്മിറ്റിയായ കേന്ദ്രകമ്മറ്റിയിൽ നിന്ന് ഏരിയാ കമ്മറ്റിയുടെ മൂലക്കിരിക്കാനും പാർട്ടി തിട്ടൂരമിറക്കി. പാർട്ടി അച്ചടക്കം എന്നും പാലിച്ചിരുന്ന അദ്ദേഹം മുറുമുറുപ്പില്ലാതെ ഏരിയാക്കമ്മറ്റിയിലും പ്രവർത്തിച്ചു.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി തുടർന്ന 18 വർഷക്കാലവും അദ്ദേഹത്തി ന്‍റെ വലംകൈയായി നിന്ന ആളാണ് ഇ.പി.ജയരാജൻ. 2016ൽ പിണറായി മുഖ്യമന്ത്രി യായി ചുമതലയേറ്റപ്പോൾ മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി വഹിച്ചത് ഇപി ആയിരുന്നു. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസഭയിൽ നിന്ന് ഹ്രസ്വകാലത്തേക്ക് പുറത്തു പോകേണ്ടി വന്നെങ്കിലും, അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് പെട്ടെന്ന് തിരിച്ചെടുക്കാനും സഹായിച്ചത് പിണറായിയോടുള്ള അടുപ്പത്തിന്‍റെ ആഴം കൊണ്ടായിരുന്നു.

2021ലെ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടത് ഇപിക്ക് വലിയ തിരിച്ചടിയായി. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തോടെ ഒഴിവുവന്ന പോസ്റ്റിലേക്ക് നിയമനം കാത്തിരുന്ന ഇപിക്ക് ദഹിക്കാതെ പോയ സംഭവമായിരുന്നു എം.വി.ഗോവിന്ദന്‍റെ ഡബിൾ പ്രൊമോഷൻ. ഒറ്റയടിക്ക് പാർട്ടി സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവും ഗോവിന്ദന് വെള്ളിത്താലത്തിൽ വെച്ച് കിട്ടി. പാർട്ടിയിൽ തന്നേക്കാൾ ജൂനിയറായ ഗോവിന്ദന്‍റെ റോക്കറ്റ് വേഗത്തിലുള്ള ഉയർച്ചയിൽ ഇപി അതീവ ഖിന്നനായിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനം പിണറായി ഇടപെട്ട് നൽകിയെങ്കിലും അദ്ദേഹം ഒരിക്കൽ പോലും ആ സ്ഥാനത്തോട് മമത കാണിച്ചില്ല.

എംവി ഗോവിന്ദനുമായി നിസ്സഹരിക്കുന്ന പ്രവണതയാണ് തുടക്കം മുതലേ കാണിച്ചി രുന്നത്. അദ്ദേഹം നടത്തിയ ജാഥയിൽ സഹകരിക്കാതെ കറങ്ങി നടക്കുന്ന ജയരാജനെ യാണ് പാർട്ടി നേതാക്കളും അണികളും കണ്ടത്. അറിഞ്ഞും അറിയാതെയുമൊക്കെ വിവാദങ്ങളിൽ ചെന്ന് ചാടുന്നത് പതിവായിരുന്നു. 2022 മധ്യത്തിൽ നടന്ന സിപിഎം സംസ്ഥാന കമ്മറ്റിയിൽ വെച്ച് പി.ജയരാജൻ ഇപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഇപിയുടെ മക്കളും ഭാര്യയും നടത്തുന്ന ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനമാണ് ചർച്ചയാക്കിയത്. ഇപി പല ന്യായീകരണങ്ങൾ നടത്തിയെങ്കിലും അതാരും മുഖവിലക്കെടുത്തില്ല. ഇതിന് പിന്നാലെ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡും അന്വേഷണവുമൊക്കെ ഉണ്ടായി. അതോടെ റിസോർട്ട് നടത്തിപ്പ് ബെംഗളൂരു ആസ്ഥാനമായ നിരാമയ റിസോർട്സിനെ ഏല്പിച്ചു.

പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാർത്ഥികൾ മിടുക്ക ന്മാരാണെന്നുള്ള ഇപിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നപ്പോൾ ജയരാജൻ ചുവടുമാറ്റി. ഇടത് സ്ഥാനാർത്ഥികൾ ജാഗ്രത പാലിക്കാൻ വേണ്ടി പറഞ്ഞതാണെന്നൊക്കെ പറഞ്ഞെങ്കിലും ആ ന്യായീകരണം ആരും ഗൗരവത്തിൽ എടുത്തില്ല.

ജയരാജന്‍റെ കുടുംബാംഗങ്ങൾ നടത്തുന്ന കണ്ണൂരിലെ വൈദേകം റിസോർട്ടിന്‍റെ നടത്തിപ്പിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോർട്സുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിൽ പതറിപ്പോയ ഇപി ചില തൊടുന്യായങ്ങൾ പറഞ്ഞെങ്കിലും വിലപ്പോയില്ല. രാജീവ് ചന്ദ്രശേഖറിന്‍റെ കമ്പനിയുമായി ബന്ധമില്ലെന്ന് ഇപി പറഞ്ഞതിന് പിന്നാലെ സതീശൻ തെളിവുകൾ പുറത്തുവിട്ടതോടെ ബിസിനസ് പങ്കാളിത്തം സമ്മതിക്കേണ്ടി വന്നു. ബിജെപിയുമായി സിപിഎമ്മിന് അന്തർധാരയു ണ്ടെന്ന കോൺഗ്രസിന്റെ വാദങ്ങൾക്ക് ശക്തി പകരുന്നതായി സതീശൻ പുറത്തുവിട്ട തെളിവുകൾ.

ഏറ്റവും ഒടുവിൽ ശോഭാ സുരേന്ദ്രൻ കുടം തുറന്നുവിട്ട ബിജെപി പ്രവേശന നീക്കത്തി ൻ്റെ കഥ കൂടി പുറത്തു വന്നതോടെ ജയരാജന്‍റെ പാർട്ടിയിലെ നിലനിൽപ്പ് പോലും അപകടത്തിലായി. ബിജെപിയിൽ ചേരാൻ ഡൽഹിയിൽ പോയി ചർച്ച നടത്തിയതും, ബിജെപി പ്രഭാരി ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവങ്ങളെല്ലാം ഒന്നൊ ന്നായി ശോഭാ സുരേന്ദ്രനും, ദല്ലാളും വാരിവിതറി. ജയരാജൻ ബിജെപിയിൽ ചേരുന്ന തിനുള്ള പണികൾ 90% പൂർത്തിയായിരുന്നുവെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. നിൽക്കക്കള്ളിയില്ലാതായപ്പോൾ ജാവഡേക്കറെ കണ്ടെന്ന് ഇപിക്ക് സമ്മതിക്കേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി കൂടി തളളിപ്പറഞ്ഞതോടെ ഇപി യുടെ കൺവീനർ സ്ഥാനം തെറിക്കുമെന്നുറപ്പായി. കൺവീനർ സ്ഥാനം വാഴാത്ത നേതാക്കളുടെ പട്ടികയിലേക്ക് ജയരാജന്‍റെ പേരും ഇതോടെ എഴുതി ചേർത്തു.


Read Previous

ബംഗ്ലാദേശ് പ്രക്ഷോഭം വികസന പദ്ധതികളെ ബാധിച്ചെന്ന് ഇന്ത്യ; ധാക്കയുമായി ചര്‍ച്ച സാധാരണ നില കൈവരിച്ച ശേഷം മാത്രം

Read Next

എവിടേക്കും ഒളിച്ചോടിയിട്ടില്ല; പ്രതികരിക്കാന്‍ വൈകിയതിന്റെ കാരണം തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »