തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. നിയമം ഹിന്ദുത്വ അജന്‍ഡ യുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. നിയമപരമായും ജനങ്ങളെ അണിനിരത്തിയും നിയമത്തിനെതിരെ മുന്നോട്ടുപോകു മെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം ഇന്ത്യ സഖ്യം ഭരണത്തില്‍ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മനുഷ്യനെ വേര്‍തിരിക്കുന്ന ഈ നിയമം നടപ്പിലാക്കാന്‍ ശരീരത്തില്‍ രക്തമുള്ള കാലത്തോളം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി ജെപി പുറത്തെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതരാഷ്ട്രനിര്‍മ്മിതിയിലേക്കുള്ള ആര്‍എസ്എസ്- ബിജെപി യാത്രയുടെ അടുത്ത കാല്‍വെപ്പാണ് പൗരത്വ നിയമ ഭേദഗതി വിജ്ഞാപനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിക്കു മെന്ന തിരിച്ചറിവില്ലാത്തവര്‍ക്ക് മാത്രമെ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടു വിക്കാന്‍ കഴിയുകയുള്ളു. അതിനെ ചെറുക്കാന്‍ രാജ്യത്തോട് സ്നേഹമുള്ള എല്ലാവരും ഒന്നിച്ച് നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതിനിടെ പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു. നടപ്പാക്കില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.