റിയാദ്: ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് മിന്നുന്ന വിജയം. അല്‍ എത്തിഫാഖിനെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ലൂയിസ് കാസ്ട്രോക്ക് പകരം അൽ നസറിന്‍റെ പുതിയ പരിശീലകനായി നിയമിതനായ സ്റ്റെഫാനോ പിയോളിയുടെ കീഴിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഇറങ്ങിയത്.

എത്തിഫാഖിന്‍റെ കോട്ടയില്‍ നടന്ന മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ ഡോയാണ് ആദ്യ ഗോള്‍ നേടി ടീമിന് ലീഡ് സമ്മാനിച്ചത്. 33-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു റൊണാള്‍ഡോ. മത്സരത്തിന്‍റെ ആദ്യ പകുതി അല്‍ നസറിന് അനുകൂലമായാണ് അവസാനിച്ചത്. പിന്നാലെ 56-ാം മിനിറ്റില്‍ സാദിയോ മാനെയുടെ തകര്‍പ്പന്‍ അസിസ്റ്റില്‍ സലേം അല്‍ നജ്ദി ഗോളടിച്ച് അല്‍ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. 70-ാം മിനിറ്റില്‍ ടാലിസ്‌കയുടെ ഗോളോടെ അല്‍ നസര്‍ വിജയം ഉറപ്പിച്ചു.
സൗദി പ്രോ ലീഗില്‍ നാല് മത്സരങ്ങളില്‍ രണ്ട് വിജയവും രണ്ട് സമനിലയും ഉള്‍പ്പടെ എട്ട് പോയിന്‍റോടെ പട്ടികയില്‍ അല്‍ നസര്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. മൂന്ന് കളികളിലും ജയം നേടിയ അൽ ഇത്തിഹാദ്, അൽ ഹിലാൽ ടീമുകളാണ് പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. അൽ ഇത്തിഫാഖാണ് മൂന്നാം സ്ഥാനത്തുള്ളത്. തിങ്കളാഴ്‌ച അൽ നസറിന്‍റെ അടുത്ത മത്സരം.