
ജുബൈൽ: ഖത്വീഫിലെ ദമ്മാം-ജുബൈൽ എക്സ്പ്രസ് റോഡിൽ കണ്ട മുതലയെ പിടികൂടി. കഴിഞ്ഞ ദിവസം റോഡിൽ മുതല പതുങ്ങി കിടക്കുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇവിടെയുള്ള ഒരു മൃഗശാലയുടെ സമീപത്തുള്ള പാലത്തിനടിയിലെ റോഡിലാണ് മുതലയെ കണ്ടത്. ഇത് കണ്ട വാഹനങ്ങളിലെ ഡ്രൈവർമാർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ മുതലയെ പിടികൂടാൻ വന്യജീവി സംരക്ഷണ കേന്ദ്രത്തിനു കീഴിലുള്ള സംഘമെത്തി.
പ്രദേശത്തെ പൊലീസുമായി ഏകോപിപ്പിച്ചാണ് മുതലയെ പിടികൂടിയതെന്ന് ഖത്വീഫ് മുനിസിപ്പാലിറ്റി അറിയിച്ചു. അലഞ്ഞുതിരിയുന്ന മറ്റ് മൃഗങ്ങൾ സ്ഥലത്തില്ലെന്ന് ഉറപ്പാക്കാൻ പ്രദേശത്ത് വ്യാപക പരിശോധന നടത്തുകയും ചെയ്തു.
മുൻകരുതലെന്ന നിലയിൽ മുതല പുറത്തുചാടിയതായി സംശയിക്കുന്ന പാർക്ക് അടച്ചിട്ടിരിക്കുകയാണെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
മുതലക്ക് ഏകദേശം മൂന്ന് മീറ്ററോളം നീളമുണ്ടെന്നും അതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായും പറഞ്ഞു.