Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഹാത്മ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായി; ചരിത്രത്തിൻറെ അപൂർവത പേറുന്ന ‘മഹാദേവ’ ഗ്രാമം; ആ ഓർമ്മയിൽ പിറവികൊണ്ട ഗ്രന്ഥാലയവും, സ്വാതന്ത്ര്യ സമര ചരിത്രം പേറുന്ന പയ്യന്നൂർ


കണ്ണൂർ: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പയ്യന്നൂരിനോളം എടുത്ത് പറയാൻ കേരളത്തിൽ മറ്റൊരു ഇടമില്ല. ഉപ്പു സത്യാഗ്രഹവും, ക്വിറ്റ് ഇന്ത്യ സമരവും ഒക്കെ അതിൻ്റെ ഓർമ്മകളാണ്. ഒരു ഗ്രാമത്തിൻ്റെ ചരിത്രം രാജ്യത്തിൻ്റെ സുപ്രധാന ചരിത്രത്തെയും അടയാളപ്പെടുത്തുന്നുവെന്ന അപൂർവത പേറുന്ന ഇടമുണ്ട് പയ്യന്നൂരിൽ… മഹാദേവ ഗ്രാമം.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ഈ കൊച്ചു ഗ്രാമം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെയും രാഷ്‌ട്ര പിതാവിനെയും അടയാളപ്പെടുത്തുന്നത് മഹാദേവ ഗ്രാമമെന്ന പേരിലൂടെയാണ്. സ്വാതന്ത്യസമര കാലഘട്ടത്തിൽ മലബാർ പ്രദേശത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു പയ്യന്നൂർ. 1920 മുതൽ തുടങ്ങുന്ന സ്വാതന്ത്ര സമരത്തിൻ്റെ പയ്യന്നൂർ ഓർമ്മകൾ 1942ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്താണ് ഏറ്റവും കത്തി നിന്നതെന്ന് ചരിത്ര അധ്യാപകൻ കൂടിയായ ഇ ശ്രീധരൻ പറയുന്നു…

പേരിൽ ഒളിഞ്ഞിരിക്കുന്ന അപൂർവത

മഹാദേവൻ എന്നത് പലരും ധരിച്ചു വച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ്റെ പേര് എന്നാണത്രെ. ഗ്രാമത്തിൻ്റെ ഒത്ത നടുവിൽ പ്രസിദ്ധമായ സുബ്രഹ്മണ്യൻ്റെ ക്ഷേത്രം ഉള്ളത് കൊണ്ട് സുബ്രമഹ്ണ്യൻ്റെ പേരിൽ മഹാദേവ ഗ്രാമം ഉദയം ചെയ്‌തു എന്നാണ് പലരുടെയും ധാരണ. എന്നാൽ മഹാദേവഗ്രാമത്തിന് ആ പേര് വന്നത് മറ്റൊരു മഹാരഥനിലൂടെയാണ്. മഹാത്മ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായിയുടെ ഓർമ്മയിൽ നിന്ന്.

അദ്ദേഹത്തിൻ്റെ സ്‌മരണയിലൂടെയുള്ള ഗ്രാമമാണ് യഥാർഥത്തിൽ മഹാദേവ ഗ്രാമം. 1942നു ശേഷമാണ് ഈ ഗ്രാമത്തിനും ഇവിടെ പിറവി കൊണ്ട വാനശാലക്കും ഈ പേര് വീണത്. സ്വാതന്ത്ര്യ സമരം കത്തി നിൽക്കുന്ന 1942 ആഗസ്റ്റ് 15നാണ് മഹാദേവ ദേശായി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ഗാന്ധിയുടെ മടിയിൽ തലവച്ചാണ് മഹാദേവ ദേശായി മരണത്തിന് കീഴടങ്ങുന്നത് എന്നും ശ്രീധരൻ മാസ്റ്റർ ചരിത്ര വസ്‌തുതകളെ കാട്ടി പറയുകയാണ്.

പയ്യന്നൂരിലെ സ്വാതന്ത്രസമര സേനാനികളെ സംബന്ധിച്ച് വലിയ രീതിയിൽ ഞെട്ടൽ ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു ദേശായിയുടെ മരണം. ഗാന്ധിജിയെ ആരാധിച്ചിരുന്നത് പോലെ തന്നെ ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായിയെയും അവർ ആരാധിച്ചു. അത് കൊണ്ട് തന്നെ പയ്യന്നൂരിലെ ഊർജ്ജസ്വലരായ സ്വതന്ത്ര സമരസേനാനികൾക്ക് അദ്ദേഹത്തിൻ്റെ മരണം താങ്ങാവു ന്നതിലും അപ്പുറമായിരുന്നു. എഴുത്തുകാരനും വാഗ്മിയും രചയിതാവും തുടങ്ങി സർവ്വത്ര മേഖല കളിലും പ്രശസ്‌തനായിരുന്നു മഹാദേവ ദേശായി. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ശാശ്വത സ്‌മരണ എന്ന നിലയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ തെക്ക് ഭാഗത്ത് മഹാദേവ ദേശായി സ്‌മാരക വായനശാല സ്ഥാപിച്ചതെന്നാണ് ചരിത്രം.

മഹാത്മാഗാന്ധിയും മഹാദേവ ദേശായിയും

ഗുജറാത്ത് കാരനായ മഹാദേവ ദേശായി 1917 മുതൽ അദ്ദേഹത്തിൻ്റെ മരണം വരെ അതായത് 1942 വരെ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ഗാന്ധിജിയുടെ ബുദ്ധി കേന്ദ്രം കൂടിയായിയുന്നു മഹാദേവ ദേശായി എന്ന് ശ്രീധരൻ മാസ്റ്റർ പറയുന്നു. 1892 ജനുവരി ഒന്നിന് ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ സരസ് ഗ്രാമത്തിലായിരുന്നു മഹാദേവ് ദേശായിയുടെ ജനനം. ബിഎയും നിയമബിരുദവും നേടിയ മഹാദേവ് 1913ൽ അഹമ്മദാബാദിലേക്ക്‌ താമസം മാറ്റി. 1915 ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ അഹമ്മദാബാദിലേക്ക്‌ തിരിച്ചെത്തിയ ശേഷം ആണ് ഗാന്ധിജി കൊച്‌രാബിലെ വാടകക്കെട്ടിടത്തിൽ ആശ്രമം തുടങ്ങിയത്.

ആശ്രമത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള കരടുരേഖ സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്‌തു. ഗാന്ധി ദർശനങ്ങളിൽ ആകൃഷ്‌ടരായ യുവാക്കളായ മഹാദേവും നരഹരി പരീഖും ഗാന്ധിജിയുടെ ആഹ്വാനത്തിന് മറുപടി അയച്ചു. ഒരു പൊതുയോഗത്തിൽ ഇരുവരും ഗാന്ധി ജിയെ നേരിട്ട് കാണുകയും അദ്ദേഹത്തിൻ്റെ ആശ്രമം സന്ദർശിക്കുകയും ചെയ്‌തു. 1917 നവംബർ മൂന്നിന് ഗോദ്രയിൽ ആദ്യ ഗുജറാത്ത് പൊളിറ്റിക്കൽ കോൺഫറൻസിൽ വീണ്ടും കണ്ടപ്പോഴാണ്‌ ആശ്രമത്തിൽ ചേരാനുള്ള ഗാന്ധിജിയുടെ ക്ഷണം മഹാദേവ്‌ സ്വീകരിച്ചത്‌.

സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി 1918ൽ മില്ല് തൊഴിലാളി സമരത്തിൽ ഗാന്ധിജി അറസ്റ്റിലായപ്പോൾ പിൻഗാമിയായി ഗാന്ധിജി തെരഞ്ഞെടുത്തത് മഹാദേവിനെയാണ്. നേതൃനിരയിലേക്ക് വരാതെ ഗാന്ധിജിയെ അനുഗമിക്കാനായിരുന്നു മഹാദേവിൻ്റെ തീരുമാനം. 1925 മുതൽ ഗാന്ധിജിയുടെ ആത്മകഥ മഹാദേവ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇന്ത്യ മാസികയിൽ പ്രസിദ്ധീകരിച്ചു. ഗാന്ധിജിക്കൊപ്പം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന് 1930ൽ അറസ്റ്റിലായി. ഗാന്ധിജിയെ വട്ടമേശ സമ്മേളനത്തിൽ അനുഗമിച്ച മഹാദേവ് ഗാന്ധിജി ജോർജ് അഞ്ചാമൻ രാജാവുമായി കൂടിക്കാഴ്‌ച നടത്തിയപ്പോഴും കൂടെയുണ്ടായിരുന്നു.

1939-ൽ മൈസൂരിലും രാജ്‌കോട്ടിലുമുണ്ടായ പ്രക്ഷോഭങ്ങളിലും 1940ൽ ബംഗാളിലും പഞ്ചാബിലും രാഷ്‌ട്രീയ തടവുകാരുടെ മോചനത്തിനായയും പ്രവർത്തിച്ചു. നിരവധി തവണ ജയിലിലടക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനത്തിൻ്റെ ഭാഗമായി 1942 ആഗസ്‌റ്റ് ഒൻപതിന് ഗാന്ധിജി, സരോജിനി നായിഡു, മീരാബഹൻ എന്നിവരോടൊപ്പം മഹാദേവ് ദേശായിയേയും അറസ്റ്റു ചെയ്‌ത് പൂനയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി.

അവിടെ വച്ച് 1942 ഓഗസ്റ്റ് 15ന് അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്‌തതും അവിടെയാണ്. 1917 നവംബർ 13ന് തൻ്റെ ജീവിതത്തെയും ഗാന്ധിജിയെയും അദ്ദേഹത്തിൻ്റെ ദർശനങ്ങളെയും കുറിച്ച് ഡയറിക്കുറിപ്പുകൾ എഴുതി തുടങ്ങിയ മഹാദേവ്, മരണത്തിൻ്റെ തലേദിവസം വരെ ഇത് തുടർന്നു. കേരളത്തിലേക്ക് 5 തവണ ഗാന്ധി വന്നപ്പോഴും അദ്ദേഹത്തിൻ്റെ കൂടെ നിഴലായി ദേശായി ഉണ്ടായിരുന്നു.

സിപി ശ്രീധരൻ്റെ കർമ്മ മണ്ഡലത്തിൻ്റെ വേദി

കേരളത്തിൻ്റെ സമുന്നതനായ സാഹിത്യകാരൻ സിപി ശ്രീധരനാണ് ദീർഘകാലം മഹാദേവ ദേശായി വായനശാലയുടെ ലൈബ്രറേറിയൻ ആയത് എന്നത് മറ്റൊരു കൗതുകം. മലയാളത്തിലെ വലിയ സാഹിത്യ വിമർശകരിൽ ഒരാളായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റായും മലയാള മനോരമ പത്രാധിപ സമിതി അംഗവുമൊക്കെയായി കേരളം മുഴുവൻ പടർന്നു കയറിയ സിപിയുടെ തുടക്കം ഒരുപക്ഷേ മഹാദേവ ദേശായി വായനശാലയുടെ പടവുകൾ കയറി കൊണ്ടാണ്. കേരളത്തിൻ്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മുന്നിൽ നിന്ന പയ്യന്നൂർ കാരനായ പോരാളിയായിരുന്ന സിപി ശ്രീധരൻ. വീക്ഷണം പത്രത്തിൻ്റെ പത്രാധിപത്രാധിപർ കൂടിയായിരുന്നു അദ്ദേഹം.

മഹാദേവഗ്രാമം മുൻപ് അറിയപ്പെട്ടത് എങ്ങനെ…

മഹാദേവ ഗ്രാമത്തിൻ്റെ പഴയ പേര് പട്ട് റാട്ട് കോവിൽ എന്നായിരുന്നു. പണ്ടൊരു കാലത്ത് പട്ടർ സമുദാ യത്തിൽ പെട്ട കുടുബങ്ങളുടെ കേന്ദ്രമായിരുന്നതാണ് ഈ പേര് വന്ന വഴിയായി കണക്കാക്കുന്നത്. പയ്യന്നൂർ സുബ്രമണ്യസ്വാമി ക്ഷേത്രവും അതിനു ചുറ്റുമായി ജീവിച്ച ജനതയുടെ അധികാരകേന്ദ്രം പട്ടർ സമുദായത്തിൽ പെട്ട ബ്രാഹ്മണ പ്രമാണിമാർക്കായിരുന്നു. ഈ സാമൂഹിക പശ്ചാത്തലത്തെ കീഴ്‌മേൽ മറിച്ചു കൊണ്ടാണ് 1930കളിൽ രാജ്യത്തുണ്ടായ സംഭവ വികാസങ്ങളുടെ അനുരണനങ്ങൾ കടന്നുവന്നത്.

ബ്രീട്ടിഷ്‌ വാഴ്‌ചയ്‌ക്കെതിരെ ഇന്ത്യയൊട്ടാകെ അലയടിച്ച സ്വാതന്ത്ര്യ സമരവും ദേശീയ പ്രസ്ഥാനവും ഇങ്ങ് തെക്കുഭാഗത്തെ കൊച്ചു കേരളത്തിലെ പയ്യന്നൂർ പ്രദേശത്തെ കൊച്ചു ഗ്രാമത്തിലും കോളിള ക്കമുണ്ടാക്കി. സമരപ്രക്ഷോഭങ്ങളിൽ ആവേശഭരിതരായ ഒരു യുവതലമുറ സമൂഹത്തിന് വേണ്ടി സദാ ഉണർന്നിരിക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുമ്പോഴും വരുംതല മുറയെ അടിച്ചമർത്തലുകൾക്കെതിരെയുള്ള സംഘടിത ശക്തികളായി പടുത്തുയർത്താനുള്ള സക്രിയ ചർച്ചകളും അവരിലൂടെ കടന്നുപോയി.

കൂട്ടായ്‌മകൾ രൂപം കൊള്ളുന്നതിനൊപ്പം അതിനെ നയിക്കാൻ അറിവിൻ്റെ പ്രകാശത്തിന് മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവിലായിരുന്നു ആ നാട്. സഹോദര സമാജം പിറവിയെടുക്കുന്നതും അവിടെ ആ തിരിച്ചറിവിൽ നിന്നായിരുന്നു. വിപി നാരായണ പൊതുവാൾ, വിപി കുഞ്ഞിരാമ പൊതുവാൾ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ തുടക്കമിട്ട കൂട്ടായ്‌മ വളരെ വേഗത്തിലാണ് നാടിൻ്റെ കേന്ദ്രമായി മാറിയത്.

മഹാദേവ ദേശായി വായനശാലയുടെയും മഹാദേവഗ്രാമത്തിൻ്റെയും ചരിത്രം

കാലഘട്ടം എല്ലായിപ്പോഴും മാറിക്കൊണ്ടിരിക്കും. കാലഘട്ടം മാറുന്നതിനനുസരിച്ച് സാംസ്‌കാരിക തലവും മാറും. ഒന്നും അതുപോലെ നിലനിൽക്കുന്നതല്ല. പയ്യന്നൂരിൻ്റെ സാംസ്‌കാരിക തലസ്ഥാനമായി പൂർണമായും സ്വീകരിക്കാൻ കഴിയുന്ന ഒരു പ്രദേശമാണ് മഹാദേവ ഗ്രാമം. കലകൾക്കും സാഹിത്യ ത്തിനും അത്രയേറെ വളക്കൂറുള്ള മണ്ണ്.

പക്ഷേ ഇപ്പോൾ കക്ഷി രാഷ്‌ട്രീയത്തിൻ്റെ പുതിയ കാലഘട്ടത്തിൽ ദേശീയ സ്വാതന്ത്ര്യ സമര നവോ ത്ഥാന സന്ദേശങ്ങൾ കുറയുന്ന കാലത്ത് അതിൻ്റെ ക്ഷീണം മഹാദേവ ദേശായി വാനശാലക്കും സംഭവി ച്ചിട്ടുണ്ട് എന്ന് ശ്രീധരൻമാസ്റ്റർ പറയുന്നു. അത് കൊണ്ട് തന്നെ മഹാദേവ ഗ്രാമത്തിൻ്റെ വെളിച്ചമായി മാറാൻ മഹാദേവ ദേശായി വായനശാലക്ക് കഴിയണമെന്നും അത് ഒരു സങ്കുചിത രാഷ്‌ട്രീയത്തിൻ്റെ ഭാഗത്തേക്ക് പോകരുതെന്നും ഇ ശ്രീധരൻ വ്യക്തമാക്കുന്നു.


Read Previous

ഡൽഹിക്കായുള്ള പോരാട്ടം; വോട്ടെടുപ്പ് ഇന്ന് ; മൂന്നാമൂഴത്തിന് കണ്ണും നട്ട് എഎപി, തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ബിജെപിയും

Read Next

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്‌ച നടത്തും; ഫ്രാൻസിൽ ഈ മാസം  10, 11 തീയതികളിൽ നടക്കുന്ന എ ഐ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »