1.37 കോടി ചെലവഴിച്ചിട്ടും മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി; മഴപെയ്തതോടെ വീണ്ടും തളിര്‍ത്ത് കാടിനെ വിഴുങ്ങുന്നു


കല്പറ്റ: ഒരുകോടിയിലധികം രൂപ ചെലവഴിച്ചിട്ടും വയനാട് വന്യജീവിസങ്കേതത്തിലെ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി. മഴപെയ്തതോടെ, അടിയോടെ വെട്ടിയ ഭാഗത്തെല്ലാം കൊന്ന തളിര്‍ത്തുവളരുകയാണ്. ഒരുമീറ്ററോളം മരത്തിന്റെ തൊലി ചെത്തിക്കളയുന്നതോടെ ഉണങ്ങിപ്പോവുമെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. മഴക്കാലം കഴിഞ്ഞ് അടുത്ത ദൗത്യം തുടങ്ങുമ്പോഴേക്കും കാട്ടില്‍ കൊന്ന നിറയും. ചെയ്തതെല്ലാം ആവര്‍ത്തിക്കേണ്ടിവരും. വേരോടെ പിഴുതെടുക്കണമെന്നും വനംവകുപ്പിന്റെ രീതി ശാസ്ത്രീയമല്ലെന്നും നേരത്തേതന്നെ ആക്ഷേപമുയര്‍ന്നതാണ്.

1980-കളില്‍ വനംവകുപ്പിലെ സാമൂഹികവനവത്കരണ വിഭാഗംതന്നെയാണ് മഞ്ഞക്കൊന്ന നട്ടുപിടിച്ചത്. ഇത് പടര്‍ന്നുപിടിച്ച് കാടിനെ വിഴുങ്ങി. വയനാട്ടിലെ വനമേഖലയുടെ 30 ശതമാനത്തോളം മഞ്ഞക്കൊന്നയാണ്. മഞ്ഞക്കൊന്നകാരണം പച്ചപ്പ് നശിക്കുന്നതിനാല്‍ വന്യജീവികള്‍ തീറ്റനേടി നാട്ടിലിറങ്ങി ആളുകളെ ആക്രമിച്ചതോടെയാണ് മഞ്ഞക്കൊന്ന നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിച്ചത്.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് തൊലി ചെത്തിക്കളഞ്ഞ് ബാക്കി മുറിച്ചെടുക്കുന്ന രീതി നിര്‍ദേശിച്ചത്. 2023-ല്‍ 2.27 കോടിരൂപ ഇതിനായി അനുവദിച്ചു. സ്വകാര്യ ഏജന്‍സിയാണ് കരാറെടുത്തത്. അനുവദിച്ച തുകയുടെ പകുതിയില്‍ അധികം ചെലവായെന്നല്ലാതെ പ്രയോജനമുണ്ടായില്ല.

മുറിച്ചെടുക്കുന്നവ കൊണ്ടുപോവുമെന്ന വ്യവസ്ഥയില്‍ കണ്ണൂരിലെ ഒരു സ്വകാര്യ പ്ലൈവുഡ് സ്ഥാപനം സൗജന്യമായി ഇവ നീക്കംചെയ്യാമെന്നുപറഞ്ഞ് വനംവകുപ്പിനെ സമീപിച്ചിരുന്നു. വനംവകുപ്പ് നിരസിച്ചതോടെ അവര്‍ ബന്ദിപ്പുര്‍ വനമേഖലയില്‍ സമാനമായ പ്രവൃത്തി ഏറ്റെടുത്തു. ഇപ്പോള്‍ ആ മാതൃക ഇവിടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തില്‍ താത്പര്യമറിയിച്ചിട്ടുണ്ട്. ഇതില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.

ഒറ്റത്തവണകൊണ്ടുമാത്രം മഞ്ഞക്കൊന്ന പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിയില്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേഷ് കുമാര്‍ പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ടു; റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു

Read Next

ജൂണില്‍, കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »