സെന്‍ ലൂസിയ: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി മറക്കാ നാഗ്രഹിക്കുന്ന ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ് ഇത്തണത്തെ ടി20 ലോകകപ്പ്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ടൂര്‍ണമെന്റില്‍ ഓപ്പണിങ് റോളിലേക്കു വന്നതിനു ശേഷം അദ്ദേഹം ബാറ്റിങ് മറന്ന മട്ടാണ്. ഓസ്‌ട്രേലിയക്കെ തിരേയുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിലും കോലി ബാറ്റിങില്‍ ദുരന്തമായി മാറി. പൂജ്യത്തിനാണ് അദ്ദേഹത്തിനു ഈ മല്‍സരത്തില്‍ ക്രീസ് വിടേണ്ടി വന്നത്.

നാലു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ പാടുപെട്ട കോലി അഞ്ചാമത്തെ ബോളില്‍ പുറത്താവുകയും ചെയ്യുകയായിരുന്നു. ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. പേസര്‍ ജോഷ് ഹേസല്‍വുഡാണ് കോലിയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്.
വേഗത കൂടിയ ഒരു ഷോര്‍ട്ട് ബോളാണ് ഹേസല്‍വുഡ് പരീക്ഷിച്ചത്. കോലി മുന്നിലേക്കു കയറി പുള്‍ ഷോട്ടിലൂടെ സിക്‌സറിനു തുനിയുകയായിരുന്നു. പക്ഷെ ഈ നീക്കം പാടെ പാളി. ടോപ് എഡ്ജായ ബോള്‍ മുകളിലേക്കുയരുകയും സര്‍ക്കിളിനകത്തു നിന്നും പിറകിലേക്കു ഓടിയ ടിം ഡേവിഡ് മിഡ് ഓണ്‍ ഏരിയയില്‍ മികച്ചൊരു റണ്ണിങ് ക്യാച്ചെടുക്കുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് കോലിക്കു പൂജ്യത്തിനു ക്രീസ് വിടേണ്ടി വന്നത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ അമേരിയ്‌ക്കെതിരായ മല്‍സരത്തില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഇതിനകം കളിച്ചിട്ടുള്ള ആറിന്നിങ്‌സുകളില്‍ നിന്നും 11 എന്ന ദയനീയ ശരാശരിയില്‍ 100 സ്‌ട്രൈക്ക് റേറ്റില്‍ വെറും 66 റണ്‍സ് മാത്രമേ കോലിക്കു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. നേരിട്ടതും 66 ബോളുകള്‍ തന്നെയാണ്. വെറും രണ്ടു ഫോറും നാലു സിക്‌സറും മാത്രമേ ടൂര്‍ണമെന്റില്‍ കോലി നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരായ അവസാന മല്‍സരത്തില്‍ നേടിയ 37 റണ്‍സാണ്.