
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവള ത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി.
2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതി നിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്.
ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗ സ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.