സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മകന്‍ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ എന്നതിനെ ഡി – ഡെങ്കി, എം – മലേറിയ, കെ – കൊതുക് എന്ന് വിപുലീകരിച്ച് എഴുതാം എന്നാണ് അദ്ദേഹം എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കു ന്നത്.

‘തമിഴ്നാട്ടില്‍ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെങ്കില്‍ അത് ഡിഎംകെയാണ്. ഭാവിയില്‍ ഈ മാരക രോഗങ്ങളെ ആളുകള്‍ ഡിഎംകെയുമായി ബന്ധപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ അണ്ണാമലൈ കുറിച്ചു.
കഴിഞ്ഞയാഴ്ച്ച ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഉദയനിധി സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങളെ എതിര്‍ക്കികയല്ല നശിപ്പിക്കുകയാണ് വേണ്ടതെന്നും ഡിഎംകെ നേതാവ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സനാതന ധര്‍മ്മം പാലിക്കുന്ന വരെ അക്രമിക്കണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങള്‍ എല്ലാവരും നിങ്ങളുടെയും മകന്റെയും പ്രസ്താവന സോഷ്യല്‍ മീഡിയയി ലൂടെ കണ്ടു. കഴിഞ്ഞ 3-4 ദിവസമായി പരാജയപ്പെട്ട ഒരു യുദ്ധത്തിലാണ് നിങ്ങള്‍ പോരാടുന്നതെന്ന് രണ്ടുപേര്‍ക്കും അറിവുള്ളത് നല്ലതാണ്.’ ഒരു വീഡിയോയില്‍ എംകെ സ്റ്റാലിനെ അഭിസംബോധന ചെയ്തുകൊണ്ട് അണ്ണാമലൈ പറഞ്ഞു. എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില നുണകള്‍ പറഞ്ഞുവെന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി പ്രതികരിച്ചത് അന്യായമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.