
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്റ്റനന്‍റ് വിനയ് നർവാളിന്‍റെ ഭാര്യ ഹിമാൻഷിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ ദേശീയ വനിതാ കമ്മിഷൻ. മുസ്‌ലിങ്ങള്‍ക്കെതിരെയും കശ്‌മീരികള്‍ക്കെതിരെയും നടന്ന വിദ്വേഷ പ്രചാരണങ്ങൾ ക്കെതിരെ നടത്തിയ പ്രസ്‌താവനയ്ക്ക് പിന്നാലെ വലിയതോതിലുള്ള സൈബര്‍ ആക്രമണം ഹിമാൻഷി നേരിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി വനിതാ കമ്മിഷൻ രംഗത്തെത്തിയത്. ഹിന്ദ്വുത്വ സംഘടനകളില്‍പെട്ടവരായിരുന്നു സൈബര്‍ ആക്രമണം നടത്തിയത്.
വ്യക്തി ജീവിതത്തിന്‍റെ ഭാഗമായോ, അല്ലെങ്കില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്‍റെ പേരിലോ ഒരു സ്‌ത്രീക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ വ്യക്തമാക്കി. “മുസ്‌ലിങ്ങൾക്കും കശ്‌മീരികൾക്കുമെതിരെ തിരിയരുത്, ഞങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. തീർച്ചയായും ഞങ്ങൾക്ക് നീതി വേണം. തെറ്റ് ചെയ്‌തവർ ശിക്ഷിക്ക പ്പെടണം” എന്നായിരുന്നു ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പിനിടെ ഹിമാൻഷി പറഞ്ഞത്.
ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഹിമാൻഷി ഇരയായിരുന്നു. ഹിമാൻഷി രാജ്യദ്രോഹിയാണെന്ന തരത്തില്‍ അടക്കമുള്ള നിരവധി വദ്വേഷ പ്രചരണങ്ങളാണ് സംഘ്പരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ നടത്തിയത്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയവും നിർഭാഗ്യകരവുമാണെന്ന് ദേശീയ വനിതാ കമ്മിഷൻ പങ്കുവച്ച പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
“ലെഫ്റ്റനന്‍റ് വിനയ് നർവാളിന്‍റെ മരണശേഷം, അദ്ദേഹത്തിന്‍റെ ഭാര്യ ഹിമാൻഷി നർവാളിന്‍റെ ഒരു പ്രസ്‌താവനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അങ്ങേയറ്റം അപലപനീയവും നിർഭാഗ്യകരവുമാണ്. ഒരു സ്‌ത്രീയെ അവളുടെ അഭിപ്രായ പ്രകടനത്തിന്‍റെ പേരിലോ, വ്യക്തിജീവിതത്തിന്‍റെ അടിസ്ഥാനത്തിലോ കളിയാക്കുന്നത് ഒരു രൂപത്തിലും സ്വീകാര്യമല്ല,” എന്ന് ദേശീയ വനിതാ കമ്മിഷൻ കൂട്ടിച്ചേർത്തു.
ഏതൊരു യോജിപ്പും വിയോജിപ്പും എല്ലായ്‌പ്പോഴും മാന്യതയോടെയും ഭരണഘടനാ അവകാശങ്ങ ൾക്കുള്ളിൽ നിന്നും ആയിരിക്കണമെന്നും ഓരോ സ്‌ത്രീയുടെയും അന്തസും ആദരവും സംരക്ഷിക്കാൻ ദേശീയ വനിതാ കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും പങ്കുവച്ച പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
ലെഫ്. വിനയ് നര്‍വാളിന്‍റെ 27-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ ഹരിയാനയിലെ കര്‍ണാ ലിലായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇതിനിടെയായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തെ ഹിമാൻഷി എതിര്‍ത്തത്. വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാളും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ 16-നായിരുന്നു കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്‍റെയും ഹിമാന്‍ഷിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിവസം ഹണിമൂണിനിടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ വിനയ് നര്‍വാള്‍ കൊല്ലപ്പെട്ടത്.