ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മിൽ പടർന്നുപിടിക്കുന്ന അതിസാരവും ഛർദിയുമാണ് എതിരാളികൾക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങളെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ യുള്ളവർ കോൺഗ്രസിൻ്റെ കത്തുന്ന സൂര്യന്മാരാണെന്നും ഗൂഢാലോചന പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുലെന്നും പത്രം വിശേഷിപ്പിക്കുന്നു.

ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിഡി സതീശൻ അടക്കമുള്ള നേതാക്കൾ രാഹുലിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചുവരു ന്നതിനിടെയാണ് പാർട്ടി മുഖപത്രത്തിൽ കുറ്റാരോപിതനെ ന്യായീകരിച്ചുകൊണ്ട് മുഖപ്രസംഗം വരു ന്നത്. രാഹുലിനെതിരെയുള്ള നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ്. രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നുവെന്നും അവരെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്ന തെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. മറ്റ് പാർട്ടികൾക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം.
കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന സിപിഎം, കോൺഗ്രസിൻ്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നതുപോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീർ കുടിപ്പിക്കുകയും സമൂഹ ത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂര്യനെല്ലി പീഡനം, ഐസ്‌ക്രീം പാർലർ കേസ്, സോളാർ കേസ് എന്നിവ ചൂണ്ടിക്കാട്ടി മുഖപ്രസംഗം സമർഥിക്കുന്നു.
1996ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൂര്യനെല്ലി പീഡനക്കേസായിരുന്നു സിപിഎമ്മിൻ്റെ തുറുപ്പുചീട്ട്. സിപിഎം കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഇരവേഷം കെട്ടിച്ച് നാടുനീളെ പ്രചാരണം നടത്തി മോശക്കാരിയായി ചിത്രീകരിക്കാൻ സിപിഎമ്മിന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല. ഒരു കോൺഗ്രസ് നേതാവിനെ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയിൽ നിരപരാധിത്വം തെളിയിച്ചിട്ടും അദ്ദേഹ ത്തോട് കാണിച്ച കൊടുംപാതകത്തിന് മാപ്പുപറയാൻ സിപിഎം തയാറായില്ല. 2006ലെയും 2011ലെയും ഐസ്‌ക്രീം പാർലർ കേസിൽ മുസ്‌ലിംലീഗിൻ്റെ ഉന്നതനായ നേതാവിനെ അപവാദത്തിൻ്റെ ചുഴിയി ലേക്ക് തള്ളിവിട്ട് പൊതുസമൂഹത്തിൽ തിരസ്കൃതനാക്കാൻ സിപിഎം ശ്രമിച്ചു. അന്വേഷണ സമിതിയോ കോടതിയോ കുറ്റക്കാരനായി കാണാത്ത അദ്ദേഹത്തെ തെരുവിലിറങ്ങാൻപോലും സിപി എം അനുവദി ച്ചില്ല. അപവാദ പ്രചാരണത്തിന് നേതൃത്വം നൽകിയ വിഎസ് അച്യുതാനന്ദൻ പിന്നീട് മുഖ്യമന്ത്രിയായെ ങ്കിലും ലീഗ് നേതാവിൻ്റെ പേരിൽ ഒരു പെറ്റിക്കേസിനുള്ള തെളിവുപോലും കണ്ടെത്താൻ സാധിച്ചില്ല.
2016ൽ ജീവിത സുതാര്യതയുള്ള ജനപ്രിയ നേതാവിനെയായിരുന്നു എതിരാളികൾ വേട്ടക്കാരൻ്റെ വേഷമണിയിച്ചത്. ഇരയാകട്ടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ തടവനുഭവിക്കുമ്പോൾ കു ഞ്ഞിന് ജന്മംനൽകിയ വിശ്വാസ്യതയില്ലാത്ത സ്ത്രീയായിരുന്നു. സോളാർ കേസിന് ശേഷം രണ്ടുതവണ സിപിഎം അധികാരത്തിൽ വന്നെങ്കിലും അദ്ദേഹത്തിനെതിരെ ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താൻ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സർക്കാരി നോ സാധിച്ചില്ല. ഈ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്രഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ നടപടിക്രമങ്ങളിൽ ഭരണപക്ഷത്തെ നിരായുധരും വിഷണ്ണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോൺഗ്രസിൻ്റെ ഈ കത്തുന്ന സൂര്യന്മാർ. സഭയ്ക്ക് പുറത്തും ചാനൽ ചർച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാർ വേറെയുമുണ്ട്. വിഷം തീണ്ടാതിരിക്കാൻ സർപ്പത്തെ ചാടിക്കടക്കാം, അല്ലെങ്കിൽ പത്തിതകർത്ത് കൊല്ലുക. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യയിൽ തകരാതെയും ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
