
റിയാദ്: റിയാദിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് (ഡി.ക്യൂ) യാത്രക്കായി ഇനി പൊതുഗതാഗത സൗകര്യം ഉപയോഗിക്കാം. റിയാദ് സിറ്റി റോയൽ കമ്മീഷൻ നടപ്പാക്കുന്ന കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിന് കീഴിലാണ് ഈ സൗകര്യമൊരുക്കുന്നത്. റിയാദ് മെട്രോ ട്രെയിനും ബസും വഴി എംബസികളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും.
ഇതിന്റെ ഭാഗമായി ഡിപ്ലോമാറ്റിക് ക്വാർട്ടറിനും റിയാദ് മെട്രോ റെഡ് ലൈനിലെ കിങ് സഊദ് യൂണിവേഴ്സിറ്റി സ്റ്റേഷനുമിടയിൽ ബസ് സർവിസ് ആരംഭിച്ചു. ഞായറാഴ്ച (മാർച്ച് 16) മുതലാണ് ബസ് സർവീസിന് തുടക്കമായത്. രാവിലെ ആറ് മുതൽ രാത്രി 12 വരെയാണ് ബസുകൾ സർവീസ് നടത്തുന്നത്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ബസുകളിലോ ട്രെയിനുകളിലോ കയറി യൂണിവേഴ്സിറ്റി സ്റ്റേഷനിലെത്താൻ കഴിയും. ഇരുദിശകളിലും ദിവസവും രാവിലെ 6.30 മുതൽ അർധരാത്രി 12 വരെ ബസുകൾ സർവീസ് നടത്തും.
ഇത് യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യും. റിയാദിലെ പൊതുഗതാഗത സേവനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ‘ദർബ്’ ആപ്ലിക്കേഷൻ വഴി ഗുണഭോക്താക്കൾക്ക് ടൈംടേബിളുകളും ബസ് റൂട്ടുകളും അറിയാൻ കഴിയും. ജീവിത നിലവാരം ഉയർത്തുന്നതിനും തലസ്ഥാനത്തെ നഗര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നടപടി.