
തിരുവല്ല: പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി. 103 വയസായിരുന്നു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച മഹദ്വ്യക്തിത്വവുമായിരുന്നു തിരുമേനി.
കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ജനിച്ചത്. തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍ അദ്ദേഹം എപ്പിസ്കോപ്പയായി. 1999 മുതല്‍ 2007വരെ സഭയുടെ പരമാദ്ധ്യക്ഷനുമായി.