റിയാദ്: മുസ്‌ലിം രാഷ്ട്രീയത്തിന് കരുത്ത് പകർന്ന ജീവിതമായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട ഇ സാദിഖലിയെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, ചരിത്രാന്യേഷകൻ, പ്രസാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ സാദിഖലി നീണ്ടകാലം മുസ്‌ലിം ലീഗിന്റെ സർവ്വ മേഖലയിലും സേവനമനുഷ്ടിച്ച ആത്മാർഥത പ്രവർത്തക നായിരുന്നു.

പാർട്ടിയുടെ ദേശീയ – സംസ്ഥാന കമ്മിറ്റികൾ നടത്തുന്ന എല്ലാ പരിപാടികളുടെയും വിജയത്തിന് വേണ്ടി പ്രയത്നിച്ച സാദിഖലി ചന്ദ്രികയുടെ സ്പെഷ്യൽ റിപ്പോർട്ടാറായി പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയ അദ്ദേഹത്തിന്റെ ജിന്നയെ കുറിച്ചുള്ള പുസ്തകം ശ്രദ്ധേയമാണ്. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പുറത്തിറക്കുന്ന കെഎംസിസിയുടെ ചരിത്ര പുസ്തകവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്നേഹ സന്ദേശയാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകവും ഇ സാദിഖലിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇരു പുസ്തകങ്ങളുടേയും പ്രകാശനത്തിന് കാത്ത് നിൽക്കാതെ യാണ് അദ്ദേഹം വിടപറഞ്ഞത്.

ജീവിതകാലമത്രയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സേവകനായി നില കൊണ്ട സാദിഖലിയുടെ ജീവിതം അപൂർവ്വവും മാതൃകാപരവുമായിരുന്നെന്ന് അനുശോചന യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, വി കെ മുഹമ്മദ്, തിരൂർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ കെ തങ്ങൾ തിരൂർ, ജലീൽ തിരൂർ എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, അബ്ദുറഹ്മാൻ ഫാറൂഖ്, നാസർ മാങ്കാവ്, മാമുക്കോയ തറമ്മൽ, റഫീഖ് മഞ്ചേരി, അഡ്വ. അനീർ ബാബു, കബീർ വൈലത്തൂർ, പി സി മജീദ്, നജീബ് നല്ലാംങ്കണ്ടി എന്നിവർ അനുശോചനയോഗത്തിൽ സംബന്ധിച്ചു. മയ്യത്ത് നമസ്കാരത്തിനും പ്രാർത്ഥനക്കും ബഷീർ ഫൈസി നേതൃത്വം നൽകി.