
ഗാസ: പങ്കുവെക്കലിന്‍റെ ആഘോഷത്തിനിടയിലും വറുതിയുടെ കയത്തില്‍ മുങ്ങി ഗാസ മുനമ്പ്. ഇസ്രയേൽ – ഹമാസ് യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണത്തിനടക്കം വലിയ ക്ഷാമമാണ് ഗാസയില്‍ അനുഭവപ്പെടുന്നത്. എങ്കിലും കഴിയുംവിധം ചെറിയ പെരുന്നാള്‍ ആഘോഷി ക്കുകയാണ് പലസ്‌തീനികള്‍.
ഈദുൽ ഫിത്തർ ദിനത്തിൽ തകർന്ന പള്ളികൾക്ക് പുറത്താണ് പലസ്‌തീനികള്‍ പ്രാർത്ഥന നടത്തിയത്. വിരുന്ന് കൂടിയും പുതുവസ്‌ത്രങ്ങൾ ധരിച്ചും ആഘോഷമാക്കേണ്ട പെരുന്നാള്‍ ദിനത്തില്‍ ഗാസയിലെ 2 ദശലക്ഷം പലസ്‌തീനികളിൽ ഭൂരിഭാഗവും അതിജീവനത്തിനായുള്ള പെടാപ്പാടിലാണ്.
‘ഇത് ദുഖത്തിന്‍റെ ഈദ് ആണ്. ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുട്ടികളെയും ഞങ്ങളുടെ ജീവിതവും ഭാവിയും ഒക്കെ നഷ്‌ടപ്പെട്ടു. ഞങ്ങളുടെ സ്‌കൂളുകളും സ്ഥാപനങ്ങളും നഷ്‌ടപ്പെട്ടു. ഞങ്ങള്‍ക്ക് എല്ലാം നഷ്‌ടപ്പെട്ടു.’: ദേർ അൽ-ബലാഹിൽ പ്രാർഥനകളിൽ പങ്കെടുത്ത ശേഷം ആദേൽ അൽ-ഷെയർ എന്ന വ്യക്തി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് മരുമക്കൾ ഉൾപ്പെടെ തന്‍റെ കുടുംബത്തിലെ ഇരുപത് അംഗങ്ങളെയാണ് ആദേൽ അൽ-ഷെയറിന് നഷ്‌ടപ്പെട്ടത്. ‘കൊലപാതകം, കുടിയിറക്കം, പട്ടിണി, ഉപരോധം എന്നിവ മാത്രമാണ് ഇവിടെയിപ്പോഴുള്ളത്. കുട്ടികളെ സന്തോഷിപ്പി ക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ദൈവത്തിന്‍റെ ആചാരങ്ങൾ അനുഷ്‌ഠിക്കുന്നത്. പക്ഷേ ഈദിന്‍റെ സന്തോഷം ഞങ്ങള്‍ക്ക് ഇല്ല.’- സയീദ് അൽ-കുർദ് എന്ന വ്യക്തി പറഞ്ഞു.
ഇസ്രയേലും ഹമാസും തമ്മില്‍ ജനുവരിയിൽ രൂപീകരിച്ച കരാറിന്‍റെ ആദ്യ ഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിച്ചത്. രണ്ടാം ഘട്ട കരാറില്‍ ഇസ്രയേല്‍ വരുത്തിയ മാറ്റങ്ങള്‍ ഹമാസ് അംഗീകരിക്കാതെ വന്നതോടെയാണ് വെടി നിർത്തൽ കരാര്‍ റദ്ദായത്.
ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. നാല് ആഴ്‌ചയായി ഗാസയിലേക്ക് ഭക്ഷണമോ ഇന്ധനമോ മാനുഷിക സഹായമോ ഇസ്രയേൽ അനുവദി ച്ചിട്ടില്ല. ഹമാസിന്‍റെ പക്കല്‍ ഇപ്പോഴും 59 ഇസ്രയേല്‍ ബന്ദികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ 24 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു.
ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഇതുവരെ 50,000-ത്തിലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം, ഏകദേശം 20,000 തീവ്രവാദികളെ കൊന്നു എന്നാണ് ഇസ്രയേലിന്‍റെ വാദം. ഇതിന്‍റെ തെളിവുകൾ നൽകാനും ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഗാസ യുടെ ജനസംഖ്യയുടെ 90% പേരും പലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ട്.