പട്ന: ഗാന്ധിജയന്തി ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോറിൻ്റെ നേതൃത്വത്തിലുള്ള ‘ജൻ സൂരജ് അഭിയാൻ’ ആണ് രാഷ്ട്രീയ പാർട്ടിയായി മാറ്റുന്നത്. 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രശാന്ത് കിഷോറിൻ്റെ പാർട്ടി പ്രഖ്യാപനം. ഇതിന് മുന്നോടിയായി, ജൻ സൂരജ് അഭിയാൻ ക്യാംപയിനിൻ്റെ ഭാഗമായ ഒന്നര ലക്ഷത്തോളം പേരുടെ എട്ട് യോഗങ്ങൾ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കാനും പ്രശാന്ത് കിഷോർ ആലോചിക്കുന്നുണ്ട്. യോഗത്തിൽ പാർട്ടിരൂപീകരണം, പാർട്ടി ഭരണഘടന തുടങ്ങിയവ സംബന്ധിച്ച വിശദമായ കാര്യങ്ങൾ തീരുമാനിക്കുമെന്ന് ജൻ സൂരജ് അഭിയാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പട്നയിൽ നടന്ന ജൻ സൂരജിൻ്റെ സംസ്ഥാനതല വർക്ക്ഷോപ്പിലാണ് പ്രശാന്ത് കിഷോറി ൻ്റെ പ്രഖ്യാപനം. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിൻ്റെ കൊച്ചുമകൾ, ഭാരത രത്ന ജേതാവും സാമൂഹ്യപ്രവർത്തകനുമായ വീരേന്ദ്രനാഥ് താക്കൂറിൻ്റെ മകൾ ജാഗ്രിതി താക്കൂർ തുടങ്ങിയ പ്രമുഖരും വർക്ക്ഷോപ്പിൽ പങ്കെടുത്തു.
ജൻ സൂരജ് അഭിയാൻ രാഷ്ട്രീയ പാർട്ടിയാകുന്നതോടെ ഒരു കോടിയോളം പേർ അംഗത്വമെടുക്കുമെന്ന് പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നു. ജാതീയമായി വിവിധ ചേരികളിൽ നിൽക്കുന്ന ബിഹാറിനെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജൻ സൂരജ് അഭിയാൻ കമ്മിറ്റി അംഗങ്ങളോട് പ്രശാന്ത് കിഷോർ അറിയിച്ചിരുന്നു. തൻ്റെ ശ്രമം ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റിലും മത്സരിക്കാനാണ് പ്രശാന്ത് കിഷോറിൻ്റെ തീരുമാനം. കേവലം തെരഞ്ഞെടുപ്പ് വിജയം മാത്രമല്ലെന്നും ബിഹാറിൻ്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നുമാണ് പ്രശാന്ത് കിഷോർ വ്യക്തമാക്കുന്നത്.
അതേസമയം പ്രതിപക്ഷമായ ആർജെഡിയെ ലക്ഷ്യമിട്ടാണ് നീക്കമെന്ന സൂചനയും പ്രശാന്ത് കിഷോർ പങ്കുവെക്കുന്നുണ്ട്. റാന്തൽ വിളക്ക് കത്തിക്കാൻ മണ്ണെണ്ണയില്ലാതെ വരുമെന്നും ന്യൂനപക്ഷങ്ങൾ ജൻ സൂരജ് അഭിയാൻ്റെ ഭാഗമാകുന്നതോടെ റാന്തൽ വിളക്ക് അണയുമെന്നും ആർജെഡിയെ ഉന്നമിട്ട് പ്രശാന്ത് കിഷോർ പറഞ്ഞു. ആർജെഡിയുടെ പാർട്ടി ചിഹ്നമാണ് റാന്തൽ വിളക്ക്.