തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം; രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും.


ഹൈദരാബാദ്: രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും. ഏഴ് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന്‍റെ അവസാന പ്രചാരണം ഇന്ന് സമാപിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രധാനമന്ത്രി നടത്തിയ റാലിയോടെയായിരുന്നു ബിജെപിയുടെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം.

ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് പതിനാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാജ്യത്ത് അങ്ങോളമിങ്ങോളമായി റോഡ് ഷോകളും റാലികളുമായി ആകെ 206 പൊതു പരിപാടികളിലാണ് പങ്കെടുത്തത്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ചൂടന്‍ പ്രചാരണങ്ങള്‍ക്ക് സമാപന മായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യമെമ്പാടും പറന്ന് നടന്ന് ജനാഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ഏതായാലും ഇരുവരുടെയും കക്ഷികളുടെ വിധിയെന്തെന്ന് ജൂണ്‍ നാലിനറിയാം. ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ആരാകും വിജയപീഠമേകുക എന്നത് കാത്തിരുന്ന് തന്നെ കാണാം.

2019 ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരമേറിയപ്പോള്‍ അദ്ദേഹം നടത്തിയത് 145 പൊതു പരിപാടികളായിരുന്നു. ഇക്കുറി 76 ദിവസമാണ് പ്രചാരണങ്ങള്‍ക്കായി കിട്ടിയത്. അഞ്ച് വര്‍ഷം മുമ്പ് ഇത് 68 ദിവസമായിരുന്നു. 80 അഭിമുഖങ്ങളാണ് പ്രധാനമന്ത്രി വിവിധ മാധ്യമങ്ങള്‍ക്ക് അനുവദിച്ചത്. ഇതില്‍ പത്ത് വര്‍ഷത്തെ തന്‍റെ ഭരണനേട്ട ങ്ങളാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുെടെ കൊട്ടിക്കലാശം. ഭരണഘടനാ സംരക്ഷണത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് 1984ലെ കലാപ കലാപത്ത് കൂട്ടത്തോടെ സിക്കുകാരെ കൊന്നൊടുക്കിയപ്പോള്‍ ഭരണഘടനയെ കുറിച്ച് അവര്‍ ഓര്‍ത്തില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിക്ക് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയുടെ താരപ്രചാരകരായി രംഗത്തുണ്ടായിരുന്നു. മൂന്നാം വട്ടവും അധികാരത്തിലേറാമെന്ന മോഹത്തോടെയാണ് ബിജെപി ഇക്കുറി കളം നിറഞ്ഞത്.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്, എസ് ജയശങ്കര്‍, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, ഗിരിരാജ് സിങ്ങ്, നാരായണ്‍ റാണെ, മാന്‍സുഖ് മാണ്ഡവ്യ, തുടങ്ങിയവരും ബിജെപി ക്കായി പ്രചാരണരംഗത്ത് ഉണ്ടായിരുന്നു. കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തിലുള്ള മറ്റ് കക്ഷികളെയും ഇവര്‍ കടന്നാക്രമിച്ചു.

മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ നിന്നും രാഹുല്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാക്കളായ ശശിതരൂര്‍, പ്രിഥ്വിരാജ് ചവാന്‍, ദിഗ്വിജയ് സിങ്, അശോക് ഗെലോട്ട്, തുടങ്ങിയവരും കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങി.

ഇന്ത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ഖാര്‍ഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന് സമഗ്രമായ ഒരു ദേശീയ സര്‍ക്കാരിനെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ സര്‍ക്കാരിന് ഒരവസരം കൂടി നല്‍കിയാല്‍ ജനാധിപത്യത്തിന്‍റെ അന്ത്യമായിരിക്കുമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഏഴാം ഘട്ട പോളിങ്ങിനുള്ള പ്രചാരണ പരിപാടികള്‍ അവസാനിച്ച ശേഷം ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ സഖ്യ നേതാക്കളായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ശിവസേന (ഉദ്ധവ് ബാലാസഹേബ് താക്കറെ) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം കൊഴുപ്പിച്ചു.

ബിആര്‍എസ് മേധാവി കെ ചന്ദ്രശേഖര റാവു, ബിജെഡി നേതാവ് നവീന്‍ പട്‌നായിക്ക് തുടങ്ങിയവര്‍ യഥാക്രമം തെലങ്കാനയിലും ഒഡിഷയിലും തങ്ങളുടെ കക്ഷികള്‍ക്ക് വേണ്ടി പ്രചാരണം നടത്തി.


Read Previous

മലയാളികള്‍ ജല സാക്ഷരത പഠിക്കണം; ഈ നില തുടര്‍ന്നാല്‍ 36 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ നല്ലൊരു ഭാഗം വെള്ളത്തിലാകും: പത്മശ്രീ ജി. ശങ്കര്‍

Read Next

അറസ്റ്റിലായത് മുന്‍ ജീവനക്കാരന്‍, വാര്‍ത്ത ഞെട്ടിച്ചു, നിയമം അതിന്‍റെ വഴിക്ക് പോകണം’ : പ്രതികരണവുമായി ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »