
ചെന്നൈ: സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിന് ബാനർ കെട്ടാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാർ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. അണ്ണാനഗറില്‍ താമസിക്കുന്ന ലോകേഷ് (16), തിരുനഗറില്‍ താമസിക്കുന്ന ധനുഷ് കുമാർ (18) എന്നിവരാണ് മരിച്ചത്.
സുഹൃത്ത് കണ്ണയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷും ധനുഷും. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ബാനർ കെട്ടാന്‍ ഇരുവരും തീരുമാനിച്ചു. തിരുവണ്ണാമല യിലെ മണലൂർപേട്ടൈ റോഡിലെ ഒരു സ്വകാര്യ ഗ്യാസ് കമ്പനിക്ക് സമീപമാണ് ഇവര്‍ ബാനര്‍ കെട്ടിയത്.
ബാനർ കെട്ടുന്നതിനിടെ അതിന്‍റെ മുകൾഭാഗം അഴിഞ്ഞ്, കയർ സമീപത്തുള്ള ട്രാൻസ്‌ഫോർമറിൽ വീണു. ഈ കയർ വലിച്ചെടുക്കാന്‍ ട്രാൻസ്‌ഫോർമറിൽ കയറിയതായിരുന്നു ലോകേഷും ധനുഷ് കുമാറും. ട്രാന്‍സ്‌ഫോമറിന് മുകളിലുണ്ടായിരുന്ന ഹൈ വോൾട്ടേജ് വൈദ്യുതി ലൈനില്‍ നിന്നാണ് ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തിരുവണ്ണാമല സിറ്റി പൊലീസ് സ്ഥലത്തെത്തിയാണ് മരിച്ച വിദ്യാര്‍ഥികളുടെ മൃദേഹങ്ങൾ മാറ്റിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി തിരുവണ്ണാമല ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രി യിലേക്ക് അയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.